തിരുവനന്തപുരം: വിദ്യാർഥികൾ ക്ലാസ് മുറികൾക്ക് അപ്പുറമുള്ള ലോകവും അറിയണമെന്നും അതിന് വായന അനിവാര്യ ഘടകമാണെന്നും മുൻ ഡിജിപി എ. ഹേമചന്ദ്രൻ. ജില്ലാ പഞ്ചായത്ത് മര്യാപുരം ഡിവിഷൻ തിരുപുറം ഗവ. ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു സിവിൽ സർവീസിൽ കൂടുതലും ഗ്രാമീണ മേഖലയിൽ നിന്നുള്ള സാധാരണ കുട്ടികൾ ആണ് കടന്നു വരുന്നത്. കഠിനമായ പരിശ്രമത്തിലൂടെ മാത്രമെ സിവിൽ സർവീസ് കടമ്പ കടക്കാൻ പറ്റൂ. വലിയ ലക്ഷ്യം നേടാനുള്ള ശ്രമത്തിനിടയിൽ ചിലപ്പോൾ പരാജയം സംഭവിച്ചെന്നിരിക്കാം.
എന്നാൽ അതിനെ ധൈര്യപൂർവം നേരിട്ട് വിജയത്തിലേയ്ക്കുള്ള വഴി തെളിക്കണമെന്നും മുൻ ഡിജിപി കൂട്ടിച്ചേർത്തു. ജില്ലാ ജഡ്ജി ലീന റഷീദ് സിവിൽ സർവീസ് രംഗത്തെ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ അധ്യക്ഷത വഹിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സോമരാജ്, എസ്.എൽ. സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Thiruvananthapuram