പ്രതീകാത്മക ചിത്രം
പാലക്കാട്: നെല്ലുവിലവിതരണം ഇന്നുമുതൽ പുനരാരംഭിക്കുമെന്നു സപ്ലൈകോ അറിയിച്ചു. സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് വിഹിതമായി 104.75 കോടിരൂപ അനുവദിച്ചതിനെ തുടർന്നാണ് വിലവിതരണം ആരംഭിക്കുന്നത്.
എന്നാൽ പാലക്കാട് ജില്ലയിൽമാത്രം 350 കോടിരൂപയിലധികം നെല്ലുവിലയായി നൽകാനുണ്ട്. ആലപ്പുഴ ജില്ലയിലും നൽകാൻ ബാക്കിയുണ്ട്. സംസ്ഥാന സർക്കാർ വിഹിതത്തിൽനിന്ന് കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ഓണത്തിനുമുന്പ് മുഴുവൻ കർഷകർക്കും വില നൽകാനാകൂ.
നെല്ലുസംഭരണത്തിലെ കേന്ദ്രവിഹിതം സംസ്ഥാനം കണക്കു നൽകാത്തതിനാൽ ലഭിച്ചിട്ടില്ല. കണക്കുകൾ ഉടൻ സമർപ്പിക്കാൻ മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ അന്പതിനായിരം കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ്
പാലക്കാട്: ജില്ലയിൽ ഈ വർഷം അന്പതിനായിരം റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്) വിഭാഗത്തിലുള്ളവർക്കാണ് ഓണക്കിറ്റ് ലഭിക്കുക.
അരി അടക്കം 16 ഇനങ്ങൾ ഉൾപ്പെടുന്ന ഓരോ കിറ്റിനും 854 രൂപ വിലവരും. പച്ചക്കറി ഒഴികെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും കിറ്റിൽ ഉൾപ്പെടും. ഓഗസ്റ്റ് 10 മുതൽ കിറ്റ് വിതരണം ചെയ്യും. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ അട്ടപ്പാടി താലൂക്കിലാണ് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾ കൂടുതലുള്ളത്. 10,237 കാർഡ് ഉടമകൾ. ചിറ്റൂർ-9574, പാലക്കാട്- 6987, മണ്ണാർക്കാട്- 6874, ഒറ്റപ്പാലം- 6202, ആലത്തൂർ- 5386, പട്ടാന്പി- 4862 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ഗുണഭോക്താക്കളുടെ കണക്ക്.