ശബരിമല ഇടത്താവളത്തിലെ താജ്മഹല്‍ പ്രദര്‍ശന നഗര്‍ പൊളിച്ചുനീക്കിത്തുടങ്ങിയപ്പോള്.
പത്തനംതിട്ട: ശബരിമല ഇടത്താവളത്തില്‍ പ്രദര്‍ശന നഗറായി ഒരുക്കിയിരിക്കുന്ന താജ്മഹല്‍ മാതൃക പൊളിച്ചുമാറ്റി. മൈലപ്ര റോഡിലെ ഇടത്താവളത്തില്‍ വിപണന മേളയ്ക്കായി മാസങ്ങള്‍ക്കു മുമ്പാണ് താജ്മഹല്‍ മാതൃകയും ഷെഡുകളും നിര്‍മിച്ചിരുന്നത്. മേള അവസാനിച്ചിട്ടും ഇവ നീക്കം ചെയ്യാത്തത് ഇടത്താവളത്തിലെ ശബരിമല മുന്നൊരുക്കള്‍ക്ക് തടസമായിരുന്നു. മാര്‍ച്ച് മുതല്‍ മേയ് 10 വരെയാണ് വിപണനമേളയ്ക്ക് ആദ്യം അനുമതി നല്‍കിയിരുന്നത്. പിന്നീട് ജൂലൈ വരെ നീട്ടാന്‍ അപേക്ഷ നല്കി.
എന്നാല്‍ നഷ്ടത്തിലായതോടെ മേള ഇടയ്ക്കു നിര്‍ത്തിവച്ചു. വാടക കുടിശിക ഏറിയതോടെ തുക അടച്ചശേഷം ഷെഡുകളും മറ്റും നീക്കം ചെയ്യണമെന്ന് നഗരസഭ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. 15 ലക്ഷത്തോളം രൂപയാണ് നഗരസഭയ്ക്ക് നല്‍കാനുള്ളത്. കാലതാമസം വന്നതോടെ നഗരസഭ ലേലനടപടികളിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ നിര്‍മിതികള്‍ പൊളിച്ചുനീക്കാമെന്നും വാടക കുടിശിക അടയ്ക്കാമെന്നും ഉടമ നല്കിയ ഉറപ്പിന്മേല് ലേലത്തിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരുന്നു
ഞായറാഴ്ച രാവിലെയാണ് നിര്‍മിതികള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഇന്ന് പൊളിച്ചുനീക്കല്‍ പൂര്‍ത്തിയാകും. നാളെ കൗണ്‍സില്‍ യോഗം ചേര്‍ന്നു ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അറിയിച്ചു.
Tags :