തുറവൂർ: വെളുത്തുള്ളി സൗത്ത് ലെവൽ ക്രോസിൽ സിഗ്നൽ സംവിധാനം നിർമിക്കുന്നതിനായി കരിങ്കല്ലുമായി എത്തിയ ടോറസ് ലോറി ചതുപ്പിൽ താഴ്ന്നതിനെത്തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ രാവിലെ 8.40നാണ് സംഭവം.
റെയിൽവേ ഗേറ്റിനു സമീപം ലോറിയുടെ ചക്രങ്ങൾ താഴ്ന്നതോടെ റെയിൽവേക്രോസിന്റെ കിഴക്കുഭാഗത്ത് എത്തിയ വാഹനങ്ങൾക്ക് പടിഞ്ഞാറുഭാഗത്തേക്ക് കടന്നുപോകാൻ സാധിക്കാതെവന്നു. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനും തടസം നേരിട്ടതോടെ ഗേറ്റ് കീപ്പർ വിവരം റെയിൽവേ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ ഉദ്യോഗസ്ഥർ, സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന വിദ്യാർഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ടി. ഗതാഗതക്കുരുക്ക് കാരണം പലർക്കും യഥാസമയം ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്താൻ സാധിച്ചില്ല.
പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : two hours Nattuvishesham district news