അഷ്റഫും ചന്ദ്രബാബുവും സൗഹൃദം പങ്കിടുന്നു.
കായംകുളം: ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനും തിളച്ച എണ്ണവീണ് പൊള്ളലേറ്റ മാവേലി വേഷധാരിയും ഒടുവിൽ ഒന്നായി. കായംകുളം പോലീസ് സ്റ്റേഷനിൽ കണ്ടുമുട്ടി പരസ്പരം സംസാരിച്ചും മാപ്പുപറഞ്ഞും ഇരുവരും ഒന്നായി. ചായക്കടക്കാരൻ പുള്ളിക്കണക്ക് സ്വദേശി അഷ്റഫിനെതിരേ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു കായംകുളം പോലീസിൽ നൽകിയ പരാതിയും പിൻവലിച്ചു.
അബദ്ധം പറ്റിയതാണെന്നും മാപ്പ് ചോദിക്കുന്നെന്നും ചായക്കടക്കാരൻ അഷ്റഫ് പറഞ്ഞപ്പോൾ പൊള്ളലേറ്റ മാവേലി വേഷധാരിയും കടക്കാരനോട് മാപ്പ് പറഞ്ഞു. അങ്ങനെ പ്രശ്നം ഒത്തുതീർപ്പായി. അവിട്ടം നാളിൽ തിളച്ച എണ്ണ ശരീരത്തിൽ വീണ് പൊള്ളലേറ്റതിനെത്തുടർന്ന് മരുന്ന് പുരട്ടി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാവേലി വേഷധാരിക്കുണ്ടായ അനുഭവം സങ്കടക്കാഴ്ചയായിരുന്നു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
പരാതി പിൻവലിച്ച് ഇരുവരും വീണ്ടും സുഹൃത്തുക്കളായി. രണ്ടുപേരും വർഷങ്ങളായി പരിചയമുള്ളവരാണ്. ആർക്ക് തെറ്റുണ്ടെങ്കിലും ക്ഷമിക്കാൻ തയാറാവണവും ഞങ്ങൾ തമ്മിൽ ഇനി ഒരു പ്രശ്നവും ഇല്ലെന്നും മാവേലി വേഷമണിഞ്ഞ ചന്ദ്രബാബു പറഞ്ഞു. ഇരുവരും ആലിംഗനം ചെയ്ത് പരസ്പരം സൗഹൃദം പങ്കിട്ടാണ് പോലീസ് സ്റ്റേഷനിൽനിന്നും മടങ്ങിയത്.
Tags : NattuVishesham DistrictNews