പ്രതീകാത്മക ചിത്രം
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കും. ഗ്രേഡിയന്റ് പ്രശ്നമുള്ള സ്ഥലങ്ങൾ സന്ദർശനത്തിൽ കണ്ടെത്തി മാർക്ക് ചെയ്ത് കിഫ്ബിയുടെ ഡിസൈൻ വിംഗിന് കൈമാറും.
തുടർന്ന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കലിന്റെ അളവ്, അതിനുള്ള ചെലവ്, റോഡ് നിർമാണച്ചെലവ് എന്നിവ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കും. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രി അധ്യക്ഷനായ കിഫ്ബി ബോർഡ് യോഗത്തിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും തിരുവനന്തപുരം കിഫ്ബി ഓഫീസിൽ എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
കിഴക്കൻ മലയോര മേഖലയെ കൊച്ചിയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 27.35 കിലോമീറ്റർ തങ്കളം-കാക്കനാട് പാത നാലുവരിപ്പാതയായി തന്നെ യാഥാർഥ്യമാക്കണമെന്ന നിലപാടാണ് യോഗത്തിൽ എംഎൽഎ മുന്നോട്ടുവച്ചത്. പുതിയ അലൈൻമെന്റ് സ്വീകരിച്ചാൽ കോതമംഗലത്തുനിന്ന് കാക്കനാട്ടേക്കുള്ള ദൂരം വർധിക്കുകയും ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ അലൈൻമെന്റിൽ നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും ഗ്രേഡിയന്റ് പ്രശ്നമുള്ള ഭാഗങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമാണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ വ്യവസ്ഥകൾ വിശദമായ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതി ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വ്യവസായ–ടൂറിസം വികസനം ലക്ഷ്യമിട്ട് 2006–07ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലായി പദ്ധതിക്ക് ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. തങ്കളം ഭാഗത്ത് ഏകദേശം 1.25 കിലോമീറ്റർ റോഡിന്റെയും പെരിയാർവാലി കനാലിന് കുറുകെയുള്ള ചെറിയ പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും നേരത്തെ തുക അനുവദിച്ചിരുന്നു. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പഴയ അലൈൻമെന്റിലെ ചില ഭാഗങ്ങളിൽ ഗ്രേഡിയന്റ് ഐആർസി മാനദണ്ഡ്രകാരം അനുവദനീയമായതിലും കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ബദൽ അലൈൻമെന്റ് പരിഗണിച്ചത്.
കിഫ്ബി-ടിആർസി പഠനത്തിന്റെ അടിസ്ഥാനത്തിൽ മേലെപ്പീടിക, ചെറുവട്ടൂർ, പള്ളിച്ചിറങ്ങര വഴി തങ്കളം മുതൽ വീട്ടൂർ വരെയുള്ള 11.816 കിലോമീറ്റർ ഭാഗത്തേക്ക് പുതിയ അലൈൻമെന്റും നിർദേശിച്ചിരുന്നു. എന്നാൽ പുതിയ അലൈൻമെന്റ് സ്വീകരിക്കുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ ബാധിക്കുമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. ദൂരം വർധിക്കുന്നതിനൊപ്പം ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയെന്ന പദ്ധതിയുടെ പ്രസക്തിയും കുറയുമെന്ന് എംഎൽഎ വ്യക്തമാക്കി.
തങ്കളം-കാക്കനാട് നാലുവരിപ്പാത വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് പഴയ അലൈൻമെന്റിൽ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചത്.
ഡീൻ കുര്യാക്കോസ് എംപി, മിനി ആന്റണി, കെആർഎഫ്ബി-പിഎംയു പ്രോജക്ട് ഡയറക്ടർ, പിഡബ്ല്യുഡി ഡിസൈൻ വിംഗ് ഉദ്യോഗസ്ഥർ, കെആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനിയർ, ഡിസൈൻ എൻജിനിയർ ജോസ് കെ. വർക്കി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.