കാഞ്ഞങ്ങാട്: യുകെയിൽ തെംസ് നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സർജറിയിൽ പേഷ്യന്റ് സർവീസ് അഡ്വൈസറായി ജോലി ചെയ്തിരുന്ന വെള്ളിക്കോത്ത് കാരക്കുഴി സ്വദേശിനി കീർത്തി രാജഗോപാലിനെ (25) കഴിഞ്ഞ മാർച്ച് 31 നാണ് നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.
ബ്രിട്ടീഷ് സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകിയ മൃതദേഹം ഇന്ന് പുലർച്ചെ മൂന്നോടെ മംഗളൂരു വിമാനത്താവളത്തിലെത്തിക്കും. രാവിലെ പത്തിന് വെള്ളിക്കോത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം 12 ന് സംസ്കരിക്കും.
റിട്ട. സൈനിക ഉദ്യോഗസ്ഥനായ രാജഗോപാലിന്റെയും കാസർഗോഡ് ജൂണിയർ എംപ്ലോയ്മെന്റ് ഓഫീസറായ റീനയുടെയും മകളാണ്. ഏക സഹോദരൻ വിനായക് പത്താംക്ലാസ് വിദ്യാർഥിയാണ്. വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ കീർത്തി ലണ്ടനിലെ കിംഗ്സ് കോളജിൽനിന്ന് ഇന്റർനാഷണൽ ചൈൽഡ് റൈറ്റ് ആൻഡ് ഡവലപ്മെന്റ് കോഴ്സ് പൂർത്തിയാക്കിയതിനുശേഷം അതേ വിഷയത്തിൽ ഗവേഷണത്തിനായി തയാറെടുക്കുകയായിരുന്നു. അതിനിടയിലാണ് ജോലിയിലും പ്രവേശിച്ചത്.
Tags : woman ied in the UK back to the country today.