പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസനസമിതി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ ജില്ലയില്‍ നടക്കുന്ന പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വികസനസമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സമിതി അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
തിരുവല്ലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ ഒമ്പതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് വര്‍ഗീസ് മാമ്മന്‍ എംഎല്‍എ പറഞ്ഞു. ആനിക്കാട്-മല്ലപ്പള്ളി - കോട്ടാങ്ങല്‍ ജലവിതരണ പദ്ധതി ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കണം. കെഎസ്ഇബിയുടെ തിരുമൂലപുരം, തോട്ടഭാഗം 110 കെവി വിതരണ സംവിധാനം അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കണം. മല്ലപ്പള്ളി ഫയര്‍ സ്റ്റേഷന് നിര്‍മാണത്തിന് വേഗത്തില്‍ സ്ഥലം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും വര്‍ഗീസ് മാമ്മന്‍ ഉന്നയിച്ചു.
കോന്നി താലൂക്ക് ആശുപത്രി നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടല്‍ സര്‍ക്കാര്‍ എല്‍പിഎസ്, പൂങ്കാവ് മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ അടിയന്തരമായി ടെന്‍ഡര്‍ ചെയ്യണം. കോന്നി ജംഗ്ഷനില്‍ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നീക്കം ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അലൈന്മെന്റ് പരിശോധന, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് പഴകുളം മധു എംഎല്‍എ നിര്‍ദേശിച്ചു. റാന്നി ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു നടപടി വേഗത്തില്‍ ആക്കണം. ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് വടശേരിക്കരയില്‍ ട്രാഫിക് പൊലിസ് സ്റ്റേഷന് സ്ഥാപിക്കണം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ കാലതാമസം ഉണ്ടാകുന്നതില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണം.
അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പഴകുളം, പള്ളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന് എക്സൈസ് വകുപ്പ് കര്‍ശന പരിശോധന നടത്തണമെന്ന് സി.വി. ശാന്തകുമാര്‍ എംഎല്‍എപറഞ്ഞു. അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡ്, അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് റൂഫ് നിര്‍മാണം എന്നിവ വേഗത്തിലാക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. അടൂര്‍-ഏനാത്ത് റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പരിഹാരം ഉണ്ടാകണം.
അബാന്‍ ജംഗ്ഷന് മേല്‍പാലം നിര്‍മാണം വൈകുന്നതില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായ കെആര്എഫബി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി അബിന്‍ വര്‍ക്കി എംഎല്‍എ. ശബരിമല തീര്‍ഥാടനം അടുത്തു വരുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പത്തനംതിട്ടയില്‍ വര്‍ധിച്ചുവരുന്ന മോഷണങ്ങള്‍ തടയുന്നതിന് പോലീസ് കൂടുതല്‍ ജാഗരൂകരാകണം. വയറപ്പുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അടൂര്‍, ആറന്മുള എംഎല്‍എമാരുടെ നേതൃത്വത്തില്‍ കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നിര്‍മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും. അബിന്‍ വര്‍ക്കി നിര്‍ദേശിച്ചു.
ജില്ലാ വികസനസമിതി, ആസൂത്രണ സമിതി യോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍ദ്ദേശിച്ചു.
വികസന സമിതിയിലെ റവന്യു വിഷയങ്ങള്‍ പ്രത്യേകം അജണ്ടയായി പരിഗണിച്ച് വേഗത്തില്‍ പരിഹാരം കാണുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രളയത്തിനുശേഷം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഒന്നായ ഡിജിറ്റല്‍ റിസര്‍വേ പരാതികളുടെ പരിഹാര പുരോഗതിയും ആരാഞ്ഞു.
ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.