പ്രതീകാത്മക ചിത്രം
കോട്ടയം: പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. വിപണിയില്‍ പച്ചക്കറി, മീന്‍, മാംസം, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലയാണ്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കു ഒരുമാസം മുമ്പ് വില വര്‍ധിച്ചിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. നേരത്തെ വാണിജ്യ സിലിണ്ടറിനു വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായത്. നിലവിലെ വിലക്കയറ്റത്തിനൊപ്പം ഓണനാളുകളിലെ വിലക്കയറ്റം കൂടിയായാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാകും.
സവാളയ്ക്ക് കിലോഗ്രാമിനു 35 രൂപയാണു കോട്ടയം മാര്‍ക്കറ്റ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും 250 രൂപ. ഉള്ളിക്ക് 80 രൂപ വരെയാണ് ശരാശരി വില. കഴിഞ്ഞദിവസങ്ങളില്‍ കോവയ്ക്ക, ഉള്ളി, തക്കാളി, കോളിഫ്ലവര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോട്ടയം മാര്‍ക്കറ്റ് വിലയനുസരിച്ച് ബീറ്റ് റൂട്ടിന് കിലോഗ്രാമിന് 48-60 രൂപ വരെ റീട്ടെയില്‍ വിലയുണ്ട്. കൂര്‍ക്കയ്ക്ക് 70-80 രൂപ, ഏത്തക്കായ് 60-80 രൂപ, കോളി ഫ്ലവര്‍ 44-56 രൂപ വരെയാണ് റീട്ടെയില്‍ വില.
കാബേജിന് കിലോഗ്രാമിനു 44 മുതല്‍ 56 രൂപ വിലയിലാണ് ചെറുകിടവ്യാപാരം നടക്കുന്നത്. കാരറ്റിന് 90-100, ബീന്‍സിന് വില 100-120 രൂപയായി. കൂടെക്ക2ൂടെ ഇന്ധനവില വര്‍ധിക്കുന്നതും പച്ചക്കറി ഉത്പാദനം കുറഞ്ഞതും അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതുമെല്ലാം വില കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
പലവ്യഞ്ജന വിലയും മുകളിലോട്ട്
പലവ്യഞ്ജനങ്ങളുടെ സ്ഥിതിയും സമാനമാണ്. അരി, പഞ്ചസാര എന്നിവയുടെയും വില കൂടിയിട്ടുണ്ട്. അരി കിലോഗ്രാമിനു രണ്ടുമുതല്‍ മൂന്നു രൂപവരെയാണു കൂടിയത്. കാലാവസ്ഥയിലെ മാറ്റങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധിയുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്.
ബ്രോയിലര്‍ കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില. നാടന്‍ മുട്ടയ്ക്ക് എട്ട് മുതല്‍ 12 രൂപ വരെ വാങ്ങുന്നവരുമുണ്ട്. താറാവ് മുട്ട 12-15 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.
ട്രോളിംഗ് നിരോധനം ആരംഭിച്ചതിനുശേഷം മീന്‍വില വര്‍ധിച്ചതും തിരിച്ചടിയായി. മത്തി 240-300 രൂപ, അയല 280-400, കിളി 280-400, വറ്റ, മോത, കാളാഞ്ചി 1000 രൂപയാണു വില.
പ്രാദേശികമായും വിവിധയിടങ്ങളില്‍ വില മാറ്റമുണ്ട്. മാംസവിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇറച്ചിക്കോഴിക്ക് കിലോഗ്രാമിനു 170-190 രൂപയാണ്. ആട്ടിറച്ചിയുടെ വില 1000 രൂപയിലുമെത്തി. ജില്ലയില്‍ ബീഫ് വില കിലോഗ്രാമിനു 430-500 രൂപവരെയാണ്. കനത്തമഴയാണ് പച്ചക്കറി വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. കിലോയ്ക്ക് 60 രൂപയില്‍ താഴെ പച്ചക്കറി ഇനങ്ങള്‍ ഇല്ലെന്ന് പറയാം. അവശ്യസാധനങ്ങളുടെ വിലവര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.