കണ്ടിവാതുക്കൽ അഭയഗിരിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കമുക്.
നാദാപുരം: ചെക്യാട്, വളയം പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ടിവാതുക്കൽ അഭയഗിരിയിൽ കാട്ടാനക്കൂട്ടമെത്തി കൃഷിനാശം വരുത്തി. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഈ മേഖലയിൽ സോളാർ വേലികളോ, കിടങ്ങുകളോ ഒന്നുംതന്നെ ഇല്ല. പിലാക്കണ്ടി ഉഷ, രയരപ്പൻ, മാക്കൂൽ കേളപ്പൻ, പി.സി. ചന്ദ്രൻ, കാട്ടിക്കുഴി നിഷ, കാട്ടിക്കുഴി കേളപ്പൻ, കുന്നുമ്മൽ കുങ്കൻ, പൂവത്താണിക്കുന്നേൽ മാത്യു എന്നിവരുടെ കൃഷിയിടത്തിലാണ്ആനക്കൂട്ടം നാശം വരുത്തിയത്.
വാഴ , തെങ്ങ് , റബർ, കമുക് എന്നിവ നശിപ്പിക്കപ്പെട്ടു. മൂന്ന് ദിവസമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ച് നിൽക്കുകയാണ്. വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിലും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തുന്നത്. വനാതിർത്തിയിലെ സോളാർ കമ്പിവേലികൾ പലയിടത്തും പ്രവർത്തനരഹിതമായതും ആനകൾക്ക് സൗകര്യപ്രദമാകുന്നുണ്ട്.
Tags : Local News Nattuvishesham Kozhikode