കാഞ്ഞിരപ്പള്ളി രൂപത 13-ാമത് പാസ്റ്ററൽ കൗൺസിൽ രണ്ടാമത് സമ്മേളനത്തിന്റെ ഉദ്ഘാടനം ബിഷപ് മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു. ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ഡോ. സെ
കുട്ടിക്കാനം: സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. കുട്ടിക്കാനം മരിയൻ കോളജ് മാജിസ് ഓഡിറ്റോറിയത്തിൽ നടന്ന കാഞ്ഞിരപ്പള്ളി രൂപത 13-ാമത് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. കുടുംബങ്ങൾ അനുഭവിക്കുന്ന സ്നേഹത്തിന്റെ സന്തോഷമാണ് സഭയുടെ സന്തോഷം എന്ന മാർപാപ്പയുടെ കാഴ്ചപ്പാട് മാർ ജോസ് പുളിക്കൽ ഊന്നിപ്പറഞ്ഞു.
"കുടുംബം: ഗാർഹികസഭയും പ്രേഷിതയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സമ്മേളനത്തിൽ ചർച്ചകളും വിശകലനങ്ങളും നടന്നത്. സെബാസ്റ്റ്യൻ താന്നിക്കൽ വിഷയാവതരണം നടത്തി. രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ മോഡറേറ്ററായിരുന്നു.
കൗൺസിലിലെ പത്ത് കമ്മിഷനുകളുടെ നേതൃത്വത്തിൽ രൂപതയുടെ പ്രവർത്തനമേഖലകളും സമ്മേളനത്തിന്റെ ചിന്താവിഷയവും വിശകലനം ചെയ്ത് വിവിധ അവതരണങ്ങൾ നടത്തി. തുടർന്ന്, രൂപത വികാരി ജനറാൾ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ രൂപത സുവർണ ജൂബിലി കർമപരിപാടികൾ വിശദീകരിച്ചു.
ഇഎസ്എ, ബഫർ സോൺ വിഷയത്തിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും പാസ്റ്ററൽ കൗൺസിൽ പാസാക്കി. രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി ഷാൻസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
ഇഎസ്എ: കർഷകരുടെ ആശങ്കകൾ പരിഹരിക്കണം
കാഞ്ഞിരപ്പള്ളി രൂപതയുടെ സിംഹഭാഗത്തെയും ഉൾക്കൊള്ളുന്ന കാർഷിക മേഖലയെ ബാധിക്കുന്നതാണ് സമകാലികമായ ഇഎസ്എ - ബഫർ സോൺ പ്രഖ്യാപനങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ.
ഇതു സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിലേക്ക് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം കൃഷിയിടങ്ങൾ, താമസസ്ഥലങ്ങൾ, വ്യവസായ മേഖലകൾ എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ടത് സ്വാഗതാർഹമാണ്. എന്നാൽ, റിസർവ് വനമേഖലയിൽ തന്നെ ഇഎസ്എ പ്രദേശം നിലനിർത്തപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ ഫോറസ്റ്റ് എന്നതിന്റെ നിർവചനത്തിന് വ്യക്തത ആവശ്യമാണ്.
റിസർവ് വനങ്ങൾക്ക് തുല്യമായ തലത്തിൽ ഏലമലക്കാടുകളെയും വെസ്റ്റഡ് ഫോറസ്റ്റുകളെയും പരിഗണിക്കുന്നത് കർഷകരോടുള്ള അനീതിയാണ്. ഫോറസ്റ്റ് എന്നതിന് വ്യക്തത വരാത്തപക്ഷം ഇഎസ്എ വനമേഖലയിൽ നിലനിർത്തുമെന്ന പ്രഖ്യാപനം ആശങ്കകൾ പരിഹരിക്കുന്നതല്ല. വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരവും ദൈനംദിന ജീവിതത്തെയും ഭാവിജീവിതത്തെയും ബാധിക്കുന്ന വിവിധ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും പരിഹരിക്കപ്പെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Tags :