ചെങ്ങന്നൂർ: വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദ കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉത്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ലെന്നും മന്ത്രി ഓർമിപ്പിച്ചു. അന്വേഷണ ഏജൻസികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
Tags : nattu vishesham Kerala Story planned