പത്തനംതിട്ട: വേനല്‍ക്കാലത്ത് നിറയുന്ന മണ്‍പുറ്റുകള്‍ പമ്പാനദിയുടെ നീരൊഴുക്കിനു തടസം. വേനല്‍ രൂക്ഷമായതോടെ നദി പലയിടത്തും ഇടമുറിയുന്ന ഘട്ടത്തിലേക്ക് മണ്‍പുറ്റുകള്‍ മാറിയിട്ടുണ്ട്. അനിയന്ത്രിതമായ മണല്‍വാരലാണ് മണ്‍പുറ്റുകള്‍ രൂപപ്പെടാന്‍ കാരണമായി ആദ്യം വിലയിരുത്തിയത്.
എന്നാല്‍ മണല്‍ വാരല്‍ നിരോധിച്ചശേഷവും പുറ്റുകള്‍ രൂപപ്പെട്ടു. പുറ്റുകള്‍ നീക്കം ചെയ്താല്‍ അതേ സ്ഥാനത്തും വീണ്ടും പുറ്റ് രൂപപ്പെടുന്നതും കണ്ടുവരുന്നു.
കോഴഞ്ചേരി പാലത്തിനു താഴെ നദിയുടെ നല്ലൊരു ഭാഗവും കരയായി മാറിയിരിക്കുകയാണ്. പുറ്റുകളും കാടും നിറഞ്ഞു കിടക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് കണ്വന്ഷന് നഗറിനുവേണ്ടി ക്രമീകരണം നടത്തിയത്. മുമ്പ് മണല്പ്പരപ്പായിരുന്ന കണ്വന്ഷന് നഗര്‍ ഇപ്പോള്‍ കാടുകയറി കരഭൂമിയായി മാറിയിരിക്കുകയാണ്.
പുതിയ പാലം കൂടി വരുന്നതോടെ നദിയിലെ ഒഴുക്കു തന്നെ മാറ്റപ്പെട്ടേക്കാം. താഴെ ആറന്മുള ഭാഗത്തും മണ്‍പുറ്റുകള്‍ നദിയുടെ സുഗമമായ ഒഴുക്കിനു തടസമാകുന്നുണ്ട്.
ശാസ്ത്രീയപഠനങ്ങള്‍ ഇല്ല
പമ്പാനദി നേരിടുന്ന ശോച്യാവസ്ഥയെ സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നാവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല. പമ്പയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. നിരവധി കണ്വന്ഷനുകള്ക്കടക്കം വേദിയൊരുക്കുന്ന മണല്‍പ്പുറങ്ങള്‍ പമ്പയ്ക്കുണ്ടായിരുന്നെങ്കില് ഇന്നവിടെയെല്ലാം കരയായി മാറിയിരിക്കുകയാണ്. പാലങ്ങള്‍ക്കു സമീപവും പുറ്റുകള്‍ രൂപപ്പെട്ട് കരഭൂമിയായി മാറി.
2018 ഓഗസ്റ്റിലെ പ്രളയത്തില്‍ വന്‍തോതില്‍ ചെളിയും മണലും നദിയുടെ അടിത്തട്ടില്‍ അടിഞ്ഞിരുന്നു. ഇതോടെ നദിയുടെ സംഭരണശേഷി കുറഞ്ഞു. ജലനിരപ്പ് താഴുന്നതോടെ നദി മെലിഞ്ഞുണങ്ങാനും ഇതു കാരണമായി. ചുഴികള്‍ വ്യാപകമായി രൂപ്പപെട്ടു. ചെളിക്കുണ്ടുകളായി പലയിടത്തും നദി മാറി. ഇതോടെ അപകടസാധ്യതയും വര്‍ധിച്ചു.
പുല്ല് വളര്‍ന്ന് പുറ്റുകളായി
നദിയുടെ അടിത്തട്ടില്‍ അടിഞ്ഞ ചെളിയില്‍ നിന്ന് വളരുന്ന പുല്ലാണ് പിന്നീട് പുറ്റായി രൂപാന്തരപ്പെടുന്നത്. നദിയുടെ അടിത്തട്ട് പുറമേ കാണാത്ത വിധത്തിലാണ് പലയിടത്തും പുല്ല് വളരുന്നത്. റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ പുറ്റുകള്‍ കാരണം നദിയില്‍ വെള്ളമേ ഇല്ലാത്ത സ്ഥിതിയുണ്ട്.
ജലവിതരണ പദ്ധതികള്‍ അടക്കം സ്തംഭിച്ചിരിക്കുകയാണ്. മുക്കം കടവ് മുതല്‍ മുകളിലേക്ക് നിറയെ മണ്‍പുറ്റുകളാണ്. പരുവ മഹാദേവ ക്ഷേത്രക്കടവിനു സമീപം ആറിന്റെ മധ്യത്തില്‍ തുരുത്തുകളാണുള്ളത്. അത്തിക്കയം പാലത്തിന്റെ താഴ്ഭാഗം നിറയെ പുറ്റാണ്.
വാഴക്കുന്നം നീര്‍പ്പാലത്തിന്റെ താഴെ ആറ് ചുരുങ്ങി. 50 മീറ്റര്‍ മാത്രമേ നദി ഒഴുകുന്നുള്ളൂ. പാലത്തിന്റെ മുകളിലും പുറ്റുകള്‍ വ്യപാകമായി രൂപപ്പെട്ടു. ഏതാനും വര്‍ഷം മുമ്പ് ഈ ഭാഗത്തെ പുറ്റുകള്‍ നീക്കിയതാണെങ്കിലും വീണ്ടും രൂപപ്പെടുകയായിരുന്നു. അയിരൂര്‍ ശുദ്ധജലപദ്ധതിക്കു വെള്ളം പോലും ലഭിക്കാത്ത നിലയിലാണ് പുറ്റുകൾ.
Tags : nattu vishesham Pampan River mud