കണ്ണൂർ: ബിഎസ്എൻഎൽ ജീവനക്കാരുടെ ശന്പളം, പെൻഷൻ പരിഷ്കരിക്കുക, താത്കാലികക ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ(ബിഎസ്എൻഎൽഇയു), ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ(എഐബിഡിപിഎ), ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ(ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ മുതൽ 24 വരെ കണ്ണൂർ ബിഎസ്എൻഎൽ മാനേജർ ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തും.
നാളെ രാവിലെ 10ന് ബിഎസ്എൻഎൽഇയു അഖിലേന്ത്യ പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. 23ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരനും 24ന് എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി കെ. ദാമോദരൻ എന്നിവരും ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഒടുവിൽ ശന്പളവും പെൻഷനും പരിഷ്കരിച്ചത് 20 വർഷം മുന്പാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂന്നാം ശന്പള പരിഷ്കരണം നടപ്പിലാക്കിയിട്ട് 10 വർഷം ആവാറായി എന്നിട്ടുപോലും ബിഎസ്എൻഎൽ ജീവനക്കാരുടെ ശന്പളവും പെൻഷനും പരിഷ്കരിച്ചിട്ടില്ല.
ഒന്പത് മാസം മുന്പ് തൊഴിലാളി സംഘടനാ പ്രതിനിധികളും ബിഎസ്എൻഎൽ മാനേജ്മെന്റും ചേർന്ന് ഒരു കരാറിൽ ഒപ്പുവച്ചെങ്കിലും ടെലികോം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് നടപ്പിലായില്ല. താത്ക്കാലിക തൊഴിലാളികൾക്ക് നൽകേണ്ട മിനിമം വേജസ് പ്രകാരമുള്ള ദിവസക്കൂലി നൽകാതെ100 മുതൽ 500 രൂപ വരെ മാത്രം മാണ് നൽകുന്നതെന്നും സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.