മുണ്ടക്കയം: ജനവാസമേഖലയെ ആശങ്കയിലാഴ്ത്തി വീണ്ടും വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗത്ത് കാട്ടുപോത്തിൻകൂട്ടത്തിന്റെ സാന്നിധ്യം.
മുണ്ടക്കയം-കോരുത്തോട് റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് തേക്കിൻകൂപ്പിൽ കാട്ടുപോത്തിൻകൂട്ടത്തെ കണ്ടത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തിലധികം വരുന്ന കാട്ടുപോത്തുകൾ വണ്ടൻപതാൽ വനംവകുപ്പ് ഓഫീസിന് 100 മീറ്റർ മാത്രം ദൂരത്തിലാണ് നിലയുറപ്പിച്ചിരുന്നത്. പിന്നീട് ഇവ ഓടി മറയുകയായിരുന്നു. ഇവ തേക്ക് പ്ലാന്റേഷനോട് ചേർന്നുകിടക്കുന്ന ടിആര് ആൻഡ് ടി എസ്റ്റേറ്റിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന സംശയവും ദൃക്സാക്ഷികൾ പങ്കുവയ്ക്കുന്നുണ്ട്.
വിവരമറിയിച്ചതിനെത്തുടർന്ന് ആർആർടി ടീം സ്ഥലത്തെത്തി ഇവയെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനനിബിഡമായ വണ്ടൻപതാൽ മേഖലയോട് ചേർന്ന് കാട്ടുപോത്തിന്റെ സാന്നിധ്യം വീണ്ടും ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ഏതാനും മാസങ്ങൾക്കു മുമ്പ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനു പരിക്കേറ്റിരുന്നു. രണ്ടു വർഷം മുമ്പ് ഇവിടെ ശബരിമല തീർഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. ഇതേ പ്രദേശത്ത് തന്നെ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവവുമുണ്ടായി.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാട്ടുപോത്തുകൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റതാണ് കാട്ടുപോത്ത് ചാകാൻ കാരണമെന്ന് വിലയിരുത്തിയിരുന്നു.
കാട്ടുപോത്തിന്റെ സാന്നിധ്യം പതിവായതോടെ വണ്ടൻപതാൽ, പനക്കച്ചിറ, പശ്ചിമ അടക്കമുള്ള ജനവാസ മേഖലയിലെ ആളുകൾ കടുത്ത ഭീതിയിലാണ്. പതിവായി കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിട്ടും ഇവയെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള യാതൊരു നടപടിയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.