പുല്‍പ്പള്ളി: പാളക്കൊല്ലി-ചേകാടി റോഡ് വീതികൂട്ടി ടാര്‍ ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍ റോഡ് റീടാര്‍ ചെയ്യുന്നതിനായി ത്രിതലപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 75 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് പൂര്‍ണമായി ടാര്‍ ചെയ്യാനാകാത്ത അവസ്ഥയാണ്. അഞ്ച് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ്.
വനത്തിലൂടെയുള്ള റോഡിന് വീതി കുറവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡ് വീതികൂട്ടുന്നതിനായി വനംവകുപ്പ് കഴിഞ്ഞ വര്‍ഷം റോഡിനോട് ചേര്‍ന്നുനിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ പുതിയ ടാറിംഗ് പ്രവൃത്തിക്ക് എസ്റ്റിമേറ്റ് എടുത്തപ്പോള്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനാവശ്യമായ എസ്റ്റിമേറ്റല്ല എടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ മൂന്ന് ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡുകൂടിയാണിത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങള്‍ കര്‍ണാടകയിലെ മൈസൂരു, കുടക്, ഷിമോഗ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.
ചേകാടി പാലം യാഥാര്‍ഥ്യമായതോടെ കര്‍ണാടകയില്‍നിന്നു പുല്‍പ്പള്ളി, ബത്തേരി മേഖലകളിലേക്ക് നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡായിട്ടും റോഡിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് വീതികൂട്ടി ലെവലൈസ്ഡ് ചെയ്ത് ടാര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജനപ്രതിനിധികള്‍ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
Tags : nattu vishesham connecting Palakolli Chekadi should be