സംഘാടക സമിതി യോഗം പ്രിൻസി ബോബി ഉദ്ഘാടനം ചെയ്യുന്നു.
ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്തിലെ തേർത്തല്ലി, ആലക്കോട് ടൗണുകളെ വൃത്തിയും ഭംഗിയുമുള്ള മാതൃകാ ടൗണുകളാക്കി മാറ്റുന്നതിനുള്ള ബീക്കൺ ടൗൺ പദ്ധതിക്കു തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം തേർത്തല്ലി വ്യാപാരഭവനിൽ ചേർന്നു.
തേർത്തല്ലി ടൗണിൽനിന്ന് 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശമാണു പദ്ധതിക്കായി പരിഗണിക്കുന്നത്. നിലവിലെ ശുചിത്വനിലവാരം വിലയിരുത്തുന്നതിനായി ബേസ്ലൈൻ സർവേ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വപ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമപദ്ധതി തയാറാക്കും.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ടിൽ മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, റിമോൾ ബിജു, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന, ഹെൽത്ത് ഇൻസ്പെക്ടർ ലിഖിൻ അഖിൽ, വിഇഒ അഖിൽ ബാബു, ജെഎച്ച്ഐ നിധീഷ്, ജനപ്രതിനിധികൾ, വ്യാപാരി സമിതി, ഓട്ടോ-ടാക്സി യൂണിയൻ പ്രതിനിധികൾ, വാർഡുതല വികസന സമിതി, സ്വാശ്രയസംഘം പ്രതിനിധികൾ, ആശാ വർക്കർ, ഹരിതകർമസേന, ലൈബ്രറി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.