അടുക്കളയിലെ പാത്രത്തിൽ കണ്ടെത്തിയ മൂർഖൻപാമ്പ്
മട്ടന്നൂർ: വീട്ടിനുള്ളിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്. തില്ലങ്കേരിയിലെ ശാമില മൻസിൽ മുനീർ ഫൈസിയുടെ വീട്ടിൽ ബുധനാഴ്ച അർധരാത്രി ഒന്നോടെയായിരുന്നു സംഭവം.
അടുക്കളയിൽ നിന്നു പൂച്ച കരയുന്ന ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടുകാർ അടുക്കളയിലെത്തി നോക്കിയപ്പോഴാണ് പൂച്ചക്കുഞ്ഞു ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുകാർ പൂച്ചയെ എടുത്ത് നോക്കാൻ അടുപ്പിനുള്ളിൽ കൈയിട്ടപ്പോഴാണ് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടു. അടുത്തെത്തിയപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടുകാരി ശാമിലയും മക്കളും നിലവിളിച്ചതോടെ പരിസരവാസികൾ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.
ഇതിനിടെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ പാമ്പ് കയറിക്കൂടി. തുടർന്ന് വനം വകുപ്പ് താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് വീട്ടിലെത്തിയാണു മൂർഖൻ പാമ്പിനെ പിടികൂടിയത്. അടുക്കളയുടെ അടുപ്പിനടിയിലെ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂച്ച രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. പൂച്ച ശബ്ദം ഉണ്ടാക്കിയതാണ് വീട്ടുകാർക്ക് രക്ഷയായത്.
Tags : cobra NattuVishasham DistrictNews