ചക്കിട്ടപാറ: ചക്കിട്ടപാറയിലേയും ചെമ്പ്രയിലേയും കടകളിൽ മോഷണം. ചക്കിട്ടപാറ ടൗണിൽ നരിനട റോഡിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജോൺസ് ഡ്രൈ ഫ്രൂട്സ് സ്റ്റാളിൽ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ഉടമ അറിയുന്നത്.
പുലർച്ചെ രണ്ടിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. തൊട്ടടുത്ത കടയിലെ സിസിടിവി കാമറ പിന്നിൽ നിന്ന് എതിർ ദിശയിലേക്ക് തിരിച്ചു വച്ച ശേഷമായിരുന്നു മോഷണം. 60,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് ഉടമ കെ.ജെ. ജോൺ പോലീസിനെ അറിയിച്ചു. വിൽപനക്കായി വെച്ച പിസ്ത, വാൽനട്ട്, ഈത്തപ്പഴം തുടങ്ങി വിവിധ തരം ഡ്രൈ ഫ്രൂട്സ്, നെയ്, വെളിച്ചെണ്ണ എന്നിവയെല്ലാമാണ് നഷ്ടപ്പെട്ടത്.
ചക്കിട്ടപാറ- പേരാമ്പ്ര റൂട്ടിലുള്ള ചെമ്പ്ര അങ്ങാടിയിലെ വൈഗ ഹോട്ടലിന്റെ പിൻവശ വാതിൽ പൊളിച്ച് മോഷണം നടത്തി. മേശ വലിപ്പിലെ പണം മുഴുവൻ എടുത്ത ഇവർ അലമാരയിലുണ്ടായിരുന്ന പുഴുങ്ങിയ മൂന്ന് മുട്ടയും രണ്ട് പത്തിരിയും ഭക്ഷിച്ചു. രണ്ടിടങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കളാണ് നഷ്ടമായത്. ഹോട്ടൽ ഉടമ വാസുവും ഭാര്യയും ഹോട്ടലിന്റെ മുകൾ ഭാഗത്ത് ഉറങ്ങുന്പോഴായിരുന്നു മോഷണം.
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ചക്കിട്ടപാറയും ചെമ്പ്രയും. രണ്ടിടത്തും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി സംഭവം നടന്ന ഇരു കടകളും പരിശോധിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.
മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യനും ചെമ്പ്ര യൂണിറ്റ് പ്രസിഡന്റും വാർഡ് അംഗവുമായ കോടേരി മൊയ്തിയും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kozhikode