പ്രതീകാത്മക ചിത്രം
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-111) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. എ.ഡി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, കൗൺസിലർ ഷേർളി ആന്റണി, ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ഭാഗ്യക്കുറിവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ നൽകുന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും.
ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സെപ്റ്റംബർ 26ന്.