കുളത്തൂപ്പുഴ: കുളത്തൂപ്പുഴ തെങ്കാശി അന്തര്‍ സംസ്ഥാനപതയില്‍ കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള അയ്യന്‍പിള്ള വളവിന് സമീപം കാട്ടു പോത്തിന്റെ ആക്രമണത്തില്‍ ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും മൂന്നു വയസുള്ള കുഞ്ഞിനും പരിക്ക്.
കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ ഗുണശീലന്, അനീഷ, മകള്‍ കൃതിക എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ കാട്ടുപോത്ത് ചാടിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.
കുളത്തൂപ്പുഴയില്‍ വന്നിട്ട് രാത്രി വീട്ടിലേക്ക് പോകുന്ന സമയത്ത് അയ്യന്‍പിള്ള വളവില്‍ വെച്ച് അപ്രതീക്ഷിതമായി കാട്ടുപോത്ത് കുറുകെ ചാടുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുന്‍പ് ഇതേസ്ഥലത്ത് പ്രദേശത്തെ താമസക്കാരായ രണ്ടുപേരെ കാട്ടുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. ഒമ്പതിന് ശേഷം പ്രദേശത്തെ കടകള്‍ അടച്ചു കഴിഞ്ഞാല്‍ അന്തര്‍സംസ്ഥാന പാതയില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് മൂലം കാട്ട്പോത്തുകള്‍ വരുന്നത് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കാണാന്‍ കഴിയാറില്ല.
പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
Tags : Local News Nattuvishesham Kollam