എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തകേസിലെ മഹേഷ്, ഷൈജേഷ്, അരുണ്‍ എന്നിവര്‍.
നിലമ്പൂര്‍: ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 81.73 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
വണ്ടൂര്‍ കാരാട് ഊട്ടുപുറം മേക്ലംപറ്റ വീട്ടില്‍ ഷൈജേഷ് (34), നിലമ്പൂര്‍ മണലൊടി പുത്തന്‍വീട് മഹേഷ് കുമാര്‍ (35), വണ്ടൂര്‍ കാരാട് പടവെട്ടി വീട്ടില്‍ പി. അരുണ്‍ (24) എന്നിവരാണ് എക്സൈസ് പിടിയിലായത്.
മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ഷൈജേഷിന്റെ വീട്ടില്‍വച്ച് വില്പന ആവശ്യത്തിനായി ചെറിയ അളവുകളില്‍ പാക്ക് ചെയ്യുന്നതിനിടെയാണ് മൂവരും എക്സൈസിന്റെ പിടിയിലാകുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ 5,980 രൂപ, ഡിജിറ്റല്‍ ത്രാസ്, ലഹരി കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിഷ്ണു, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാരാട് ഭാഗത്ത് തെരച്ചില്‍ നടത്തിയത്.
റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.എ. അനീഷ്, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) അരുണ്‍ കെ.എസ്. കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഇ. പ്രവീണ്‍, ഇ. അഖില്‍ദാസ്, വി. സച്ചിന്‍ദാസ്, കെ. ആബിദ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ എ.കെ. നിമിഷ, ഡ്രൈവര്‍ മഹ്മൂദ് എന്നിവരും പങ്കെടുത്തു.
പ്രതികളെ പെരിന്തല്‍മണ്ണ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags :