വൈസ് പോസ്റ്റുലേറ്റര് ഫാ.ഡോ. ജയിംസ് പുലിയുറുമ്പില് തിരിതെളിക്കുന്നു.
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാള് ദിനമായ ഇന്ന് ആയിരങ്ങള് മാധ്യസ്ഥം തേടി രാമപുരത്തെത്തും. നാടിന്റെ നാനാഭാഗത്തുനിന്നുമുളള കുഞ്ഞച്ചൻഭക്തരും തീർഥാടകരും കബറിടം സന്ദർശിക്കാനും നേർച്ചസദ്യയിൽ പങ്കെടുക്കാനും രാമപുരത്തേക്ക് ഒഴുകിയെത്തും. രാമപുരം ഫൊറോനാ പള്ളിയില് ഇന്നു രാവിലെ 5.15നും ആറിനും 7.15നും വിശുദ്ധ കുര്ബാന ഉണ്ടായിരിക്കും. ഒന്പതിന് നേര്ച്ചഭക്ഷണം വെഞ്ചിരിപ്പ്. തുടര്ന്ന് വൈകുന്നേരം നാലുവരെ തുടര്ച്ചയായി പള്ളി മൈതാനിയില് സജ്ജീകരിച്ചിട്ടുള്ള ബൂത്തുകളില് നേര്ച്ചഭക്ഷണ വിതരണം നടത്തും.
പത്തിന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാനയും സന്ദേശവും. 11.45ന് പാലാ രൂപത ഡിസിഎംഎസ് തീര്ഥാടന പദയാത്രയ്ക്ക് സ്വീകരണം. 12ന് ആഘോഷമായ തിരുനാള് പ്രദക്ഷിണം. രണ്ടിന് വിശുദ്ധ കുര്ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് -ഫാ. തോമസ് കിഴക്കേകൊല്ലിത്താനം. നാലിന് വിശുദ്ധ കുര്ബാന, സന്ദേശം -ഫാ. മാത്യു പനങ്ങാട്ട്.
തീര്ഥാടകരുടെ തിരക്ക് പരിഗണിച്ച് രാമപുരത്തേക്കും തിരിച്ചും പ്രത്യേക ബസ് സര്വീസുകള് ഉണ്ടായിരിക്കും. സ്വകാര്യവാഹനങ്ങളില് വരുന്ന തീര്ഥാടകർക്ക് പാര്ക്കിംഗ് സൗകര്യം സ്കൂള് ഗ്രൗണ്ടില് ക്രമീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ഫാ. ജോസഫ് തേവര്പറമ്പില് വിശുദ്ധ കുര്ബാന അര്പ്പിച്ചു സന്ദേശം നല്കി. 11ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോണ്. ജോസഫ് തടത്തില് വിശുദ്ധ കുര്ബാന അര്പ്പിച്ചു സന്ദേശം നല്കി. വൈകുന്നേരം 4.30ന് ഫാ. തോമസ് തയ്യില് സുറിയാനി കുര്ബാന അര്പ്പിച്ചു. തുടര്ന്ന് പ്രദക്ഷിണം നടത്തി.
Tags : feast day NattuVishesham DistrictNews