കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രമായ കൊരട്ടി അമലോത്ഭവ മാതാ പള്ളിയിൽ ഊട്ടുനേർച്ച തിരുനാൾ ഇന്ന്.
തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസഫ് ഓളിപ്പറമ്പിലിന്റെ കാർമികത്വത്തിൽ രാവിലെ 6.30ന് തിരുനാൾ ദിവ്യബലി, നൊവേന, വചനസന്ദേശം, ആരാധന, നേർച്ച സദ്യയുടെ വെഞ്ചരിപ്പ്. 8.30ന് ഫാ. നിജു ജോസഫിന്റെ നേതൃത്വത്തിലായിരിക്കും പ്രാർഥനാ ശുശ്രൂഷകൾ. 9.30ന് കുട്ടികളുടെ ആദ്യ ചോറൂട്ട്.
10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാകും. ഫാ. ജോൺസൺ കക്കാട്ട്, ഫാ. പ്രവീൺ മണവാളൻ എന്നിവർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കും.
ഫാ. സിന്റോ തൈപ്പറമ്പിൽ വചന പ്രഘോഷണം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടിന് തമിഴ് ഭാഷയിൽ നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ആരോഗ്യദാസ് നേതൃത്വംനൽകും. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് 4.45നും 6.30നും നടക്കുന്ന തിരുനാൾ ദിവ്യബലി, നൊവേന, ആരാധന എന്നീ ശുശ്രൂഷകൾക്ക് യഥാക്രമം ഫാ. ജോൺ കാട്ടുപറമ്പിൽ, ഫാ. അലൻ ആന്റണി പുതിയകുളങ്ങര, ഫാ. ബിനോയ് എന്നിവർ നേതൃത്വംനൽകും. രാത്രി എട്ടിന് നടക്കുന്ന തിരുനാൾ കൃതജ്ഞതാ ദിവ്യബലിക്കും നൊവേനയ്ക്കും ആശീർവാദത്തിനും സഹവികാരി ഫാ. ശരത് ജോസ് പനക്കൽ കാർമികനാകും.
മതമൈത്രിയുടെ മാതൃകയായി ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ് ഇമാം ഖാലിദ് ലത്വീഫി അൽ അർശദി, ചീനിക്കൽ ഭഗവതി ക്ഷേത്രസമിതി പ്രസിഡന്റ് വിശാലാക്ഷൻ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസഫ് ഓളിപ്പറമ്പിൽ, കൊരട്ടി ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് എന്നിവർചേർന്ന് ഇന്നലെ ഊട്ടുനേർച്ച തയാറാക്കുന്ന അടുപ്പിൽ തീപകർന്നു. വിഭവങ്ങൾ ഒരുക്കാൻ ഒട്ടേറെ വിശ്വാസികളും എത്തിയിരുന്നു.
ഒന്നരലക്ഷത്തിലധികം വിശ്വാസികൾക്കാണ് ഈവർഷം നേർച്ച സദ്യ ഒരുക്കുന്നത്. 20,000 പേർക്കുള്ള പാർസൽ ഭക്ഷണവും 15,000 പേർക്കുള്ള പാർസൽ പായസവും ക്രമീകരിച്ചിട്ടുണ്ട്.
500 ലേറെ വോളണ്ടിയേഴ്സ്, കൊരട്ടി പോലീസ് എന്നിവരുടെ സേവനവും വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനുള്ള വിപുലമായ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. എട്ടാമിടം ആഘോഷിക്കുന്ന 16ന് രോഗികൾക്കു വേണ്ടിയുള്ള പ്രാർഥനാദിനമായി ആചരിക്കും.
Tags : Nattuvishesham Local News Koratty St. Anthony's pilgrimage center