രാജാക്കാട്: കൊളുക്കുമലയിൽനിന്ന് തലകറങ്ങി കൊക്കയിലേക്കു വീണ് വിനോദ സഞ്ചാരിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ ചെങ്കൽപ്പേട്ട് സ്വദേശി കാർത്തിക്(31)നാണ് പരിക്കേറ്റത്.
കാർത്തിക് ഉൾപ്പെടെ ആറംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് കൊളുക്കുമല സന്ദർശനത്തിന് എത്തിയത്. തമിഴ്നാടിന്റെ അധീനതയിലുള്ള സിംഹപ്പാറയ്ക്ക് സമീപത്തുനിന്ന് ഫോട്ടോയെടുക്കുകയായിരുന്ന കാർത്തിക് തലകറങ്ങി 500 അടിയിലേറെ താഴ്ചയിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടംനടന്ന സ്ഥലം തമിഴ്നാട് കുരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കൂടെയുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ വിവരമറിയിച്ചതിനെത്തുടർന്ന് മൂന്നാറിൽനിന്ന് എത്തിയ ഫയർ ഫോഴ്സും കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി നടത്തുന്ന ഡ്രൈവർമാരും ചേർന്ന് അഞ്ചു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കാർത്തിക്കിനെ വടത്തിൽകെട്ടി മുകളിലെത്തിച്ചത്.
ഇരു കൈകളും ഒടിയുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കാർത്തിക്കിനെ ആദ്യം മൂന്നാർ ജിഎച്ച് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Tags : seriously injured NattuVishasham DistrictNews