പാലാ: സ്വച്ഛതാ സേവ പദ്ധതികള്‍ ശരിയായ സമയത്ത് നടത്തിയില്ല എന്നാരോപിച്ച് പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ഡയസിനു മുന്പില് പ്രതിഷേധിച്ചു.
പദ്ധതി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അജൻഡയില്‍ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ വിഷയം. എന്നാല്‍ ഇതിനു മറുപടി നല്‍കാത്ത ചെയര്‍പേഴ്സനെതിരേ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടം ചെയര്‍പേഴ്സന്റ ഡയസിന് മുന്നിലെത്തി മൈക്ക് മാറ്റിവച്ച് പ്രതിഷേധിച്ചു.
അജൻഡയിലെ പ്രധാന വിഷയമായിരുന്ന കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് പാര്‍ട്ടിസമ്മേളനത്തിന് വിട്ടുനല്കണമോയെന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. പ്രതിഷേധം ശക്തമായതോടെ ഇന്നലത്തെ അജൻഡയിലെ എല്ലാ കാര്യങ്ങളും പാസാക്കിയിരിക്കുന്നു എന്നു പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ ഡയസ് വിടുകയായിരുന്നു. കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡ് സംബന്ധിച്ച വിഷയത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ 12 പേര് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
അജൻഡയിലെ വിഷയങ്ങള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ ഡയസ് വിട്ടുപോയതിനാല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് പാര്‍ട്ടിസമ്മേളനത്തിനു വിട്ടുനല്‍കുന്ന കാര്യം പാസായെന്നാണ് വിലയിരുത്തല്‍. കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ വിഷയത്തില്‍ നടുത്തളത്തിലിരുന്ന് പ്രതിഷേധമറിയിച്ചു.
Tags : NattuVishesham DistrictNews