പ്രതീകാത്മക ചിത്രം
തിരുവല്ല: പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവയ്പ് യജ്ഞം നാലാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല എഡിഡിഎല്‍ ലാബില്‍ തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ലേഖ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ മിഷന് റാബിസ് ബോധവത്കരണ ക്ലാസ് നയിച്ചു.
തിരുവല്ല വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി ആര്. വിജയ്, പത്തനംതിട്ട ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് ഡോ. എ. കാര്‍ത്തിക്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ (എഎച്ച്) ഡോ. സ്വപ്ന എസ്. പോള്‍, തിരുവല്ല എഡിഡിഎല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്.നീന, മല്ലപ്പള്ളി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. എ. പി. സുനില്‍കുമാര്‍, തിരുവല്ല വെറ്ററിനറി പോളി ക്ലിനിക് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. രതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 27 വരെ വളര്‍ത്തുനായകള്‍ക്ക് വേണ്ടി നാലാം ഘട്ട പേവിഷബാധ പ്രതിരോധകുത്തിവയ്പ് കാമ്പയിന് ജില്ലയിലുടനീളം നടപ്പാക്കും. കുത്തിവയ്പിനു വിധേയമാക്കുന്ന വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. 12 ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള നായ്ക്കളെ നിര്‍ബന്ധമായും കുത്തിവയ്പിന് വിധേയമാക്കണം.
ബൂസ്റ്റര്‍ ഡോസ് പ്രാഥമിക കുത്തിവയ്പിനു ശേഷം മൂന്ന്, നാല് ആഴ്ച കഴിഞ്ഞും തുടര്‍ന്ന് എല്ലാ വര്‍ഷവും തുടര്‍ വാക്സിനേഷന് നല്‍കേണ്ടതുമാണ്. നായകള്‍ക്ക് വാക്സിനേഷന് ചാര്‍ജ് 55 രൂപ ഈടാക്കും. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് നിയമാനുസൃത ലൈസന്‍സ് നേടാം. 12 ആഴ്ചക്കു താഴെ പ്രായമുള്ള നായ്ക്കുട്ടികള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആന്റി റാബിസ് വാക്സിന് സ്വീകരിച്ച് ആറ് മാസത്തിനു മുകളില്‍ പ്രായമുള്ള നായ്ക്കള്‍, രോഗമുള്ളവ എന്നിവയെ വാക്സിനേഷനില്‍ നിന്നും ഒഴിവാക്കണം.
Tags : Nattuvishesham DistrictNews DeepikaNews