പോളച്ചിറ ഏല.
ചാത്തന്നൂർ: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാട ശേഖരമായ പോളച്ചിറയിൽ വീണ്ടും നെൽക്കൃഷിക്ക് കളമൊരുങ്ങുന്നു. നവംബർ ആദ്യം വെള്ളം വറ്റിക്കൽ തുടങ്ങും. ചിറക്കര പഞ്ചായത്ത് ഓഫിസിൽനടന്ന പോളച്ചിറ ഏലാവികസന സമിതി യോഗത്തിലാണു തീരുമാനം.
വെള്ളം വറ്റിക്കൽ പ്രക്രിയ ആരംഭിക്കാനായി ഒക്ടോബർ അവസാനം ഏലായിലെ മത്സ്യങ്ങൾ ലേലം ചെയ്യും.
ആയിരത്തിയഞ്ഞുറോളം ഏക്കർ വിസ്തൃതി ഉള്ള ഏലായിൽ കഴിഞ്ഞ വർഷം കൃഷി ഇറക്കാൻ സാധിച്ചിരുന്നില്ല. അതിനു മുമ്പത്തെ വർഷം ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസിന്റെ സഹായത്തോടെ കൃഷി ഇറക്കിയെങ്കിലും പ്രതികൂല സാഹചര്യ ങ്ങൾമൂലം വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാതെ കർഷകർക്ക് വലിയ നഷ്ടം നേരിട്ടിരുന്നു. എന്നാൽ ഇത്തവണ പ്രതിസന്ധികളെയെല്ലാം മറികടന്ന് കൃഷി പൂർണവിജയമാക്കാനുള്ള തീരുമാനത്തിലാണു പഞ്ചായത്ത് ഭരണസമിതിയും കർഷകരും.
പഞ്ചായത്തിനു പുറമേ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എംപി, എംഎൽഎ എന്നിവരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം .നവംബർ ആദ്യം വെള്ളം വറ്റിക്കൽ ആരംഭിച്ചു ജനുവരി ആദ്യം വിത്ത് വിതച്ചാൽ കാലവർഷത്തിനു മുൻപ് വിളവെടുത്തു നെല്ലും വയ്ക്കോലും മറ്റും ഉണക്കി എടുക്കാൻ കഴിയും.