വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെത്തുന്നവർക്ക് ശങ്ക തീർക്കണമെങ്കിൽ ഏറെ കഷ്ടപ്പെടണം. പഞ്ചായത്തിന്റെ പൊതുശൗചാലയങ്ങൾ പൊട്ടിപ്പൊളിഞ്ഞും ദുർഗന്ധവുമായി ഉപയോഗിക്കാൻ കഴിയാത്ത വിധമാണ്.
സുനിത ജംഗ്ഷനിൽ ചേക്കുളത്തിന്റെ കരഭാഗത്തുള്ള കക്കൂസുകളാണ് ഏറെ വൃത്തിഹീനമായിട്ടുള്ളത്. മൂക്കുപൊത്താതെ ഈ ഭാഗത്തേക്ക് കടക്കാനാവില്ല.
അത്രയേറെ മലിനമായമാണ് പ്രദേശവും കക്കൂസുകളും.
ടൈൽസെല്ലാം പൊട്ടിപ്പൊളിഞ്ഞ് എലിക്കൂട്ടങ്ങളും പാറ്റകളുമാണ്. ആറോളം പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് വടക്കഞ്ചേരി. ഇതിനാൽ നൂറുകണക്കിനാളുകൾ ഏതുസമയവും വിവിധ ആവശ്യങ്ങൾക്കായി ടൗണിലുണ്ടാകും.
ആർക്കെങ്കിലും പ്രാഥമികാവശ്യങ്ങൾക്ക് പോകണമെങ്കിൽ ആകെ അങ്കലാപ്പിലാകും. ടോയ്ലറ്റുകളുള്ള ഹോട്ടൽപോലും ടൗണിൽ വിരളമാണ്. കക്കൂസുകളെല്ലാം കുളക്കരയിലായതിനാൽ കുളവും മലിനമയമായി.
കൊതുകും കൂത്താടികളും വളർത്തുന്ന കേന്ദ്രമാണ് കുളവും. ശൗചാലയങ്ങൾ വൃത്തിയിൽ കൊണ്ടുനടത്താൻ കഴിയാത്ത കരാറുകാരനെ ഒഴിവാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നു ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്രീരാജ് വള്ളിയോട്, വൈസ് പ്രസിഡന്റ് പി.കെ. ഗുരു, പഞ്ചായത്ത് പ്രസിഡന്റ് ആകാശ് എന്നിവർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews