പൊൻകുന്നം: ടൗണിൽ ഒഴിയാത്ത ഗതാഗതക്കുരുക്ക് ഇതാദ്യം. ഗതാഗതനിയന്ത്രണം താളം തെറ്റി മുൻപൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ ദേശീയപാതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അരമണിക്കൂറിലേറെയാണ് ഗതാഗതം കുരുങ്ങിയത്.
പൊൻകുന്നം പട്ടണത്തിൽ കയറേണ്ടാത്ത വാഹനങ്ങൾ ടൗൺ പരിധിക്കു പുറത്തുള്ള മറ്റ് റോഡുകളിലൂടെ തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും പരിഹാരമാകും. കെവിഎംഎസ്-വിഴിക്കത്തോട് റോഡ് വഴിയെത്തി കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾക്ക് പൊന്നയ്ക്കൽ കുന്നിൽനിന്ന് കുന്നേൽ ആശുപത്രിപ്പടിയിലെത്തി തിരിഞ്ഞുപോകാം.
എന്നാൽ അത്തരം നിർദേശം ഇതുവരെ നൽകിയിട്ടില്ല.
പുനലൂർ-പൊൻകുന്നം റോഡിലൂടെയെത്തുന്ന കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾ പൊൻകുന്നം ടൗണിൽ പ്രവേശിച്ചാണ് പോകുന്നത്. പൊൻകുന്നംവഴി ഈരാറ്റുപേട്ട, തിടനാട്, കപ്പാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പിപി റോഡിൽനിന്നുള്ള മാന്തറ റോഡ് ഉപയോഗിക്കാമെങ്കിലും പ്രധാന പാതകളിലൊന്നും അതിനുള്ള നിർദേശ ബോർഡുകളില്ല. ഇവയെല്ലാം ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയാണിപ്പോൾ.
ഇതുമൂലം വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായി. ചിറക്കടവ് എസ്ആർവി കവലയ്ക്ക് സമീപമുള്ള റോഡിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കുള്ള ബസുകൾ കടത്തിവിടുന്നുണ്ടെങ്കിലും ചെറുവാഹനങ്ങൾക്ക് അതുവഴി പോകാമെന്ന ബോർഡുകളില്ല. അതിനാൽ ബസുകളൊഴികെ എല്ലാ വാഹനങ്ങളും പൊൻകുന്നത്ത് എത്തിയാണ് പോകുന്നത്.
ദേശീയപാതയിൽനിന്ന് സംസ്ഥാന പാതയിലേക്ക് തിരിയുന്ന കവലകളായ പാലാ റോഡിലേക്കുള്ള ട്രാഫിക് കവലയിലും മണിമല റോഡിലേക്കുള്ള കവലയിലും വാഹനങ്ങൾ സുഗമമായി കടത്തിവിട്ടില്ലെങ്കിൽ ബാധിക്കുന്നത് ദേശീയപാതയിലെ ഗതാഗതത്തെയാണ്.
ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ദേശീയപാതയിലേക്കിറങ്ങി തിരിയുന്നതിനിടെ മറ്റ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതും കുരുക്കിനിടയാക്കുന്നു. സ്റ്റാൻഡിനുള്ളിൽ ബസുകൾ അനുവദിച്ച സമയത്തിൽ കൂടുതൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു.
സ്റ്റാൻഡിനുള്ളിലെ ബസ് ബേയിൽ പിന്നാലെ ബസുകൾ നിർത്തിയിടുമ്പോൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കാനാവാതെ കവാടത്തിലും ദേശീയപാതയിലും ബസുകൾ കാത്തുകിടക്കേണ്ടിവരുന്നത് ദേശീയപാതയിലും തടസമാകുന്നു.
പാലാ റോഡിലേക്ക് തിരിയുന്ന കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് ചില ദിവസങ്ങളിൽ പണിമുടക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. ഏറെ വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട ഇവിടെ കൃത്യമായി ലൈറ്റ് തെളിയാത്തതിനാൽ ആശയക്കുഴപ്പം മൂലം കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിടേണ്ടിവരുന്നുണ്ട്.