സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയിൽ എത്തിയ ബാലസംഘം സംസ്ഥാന ഭാരവാഹികൾ എം.എം. മണിയുമായി സൗഹൃദ സംഭാഷണത്തിൽ.
കോഴിക്കോട്: സിപിഎം വിപുലീകരണ സംസ്ഥാന കമ്മിറ്റി യോഗ സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ സമാപന സമ്മേളനം നടക്കുന്ന ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതിനാൽ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ യാത്രതിരിക്കേണ്ടതാണെന്ന് പൊലിസ് അറിയിച്ചു.
ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി പത്ത് വരെയുണ്ടാകും. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന്റെ അടിയിൽ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡരികിൽ പാർക്ക് ചെയ്യണം.പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് ക്രിസ്ത്യൻ കോളജ് ജംഗ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് -എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി. റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യേണ്ടതാണ്.
ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംഗ്ഷൻ - എകെജി. ഫ്ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.നഗരപരിധിയിൽ നിന്ന് ബീച്ചിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ ക്രിസ്ത്യൻ കോളജ് - കണ്ണൂർ റോഡ് ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. പൊലിസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പൊലിസ് കമ്മീഷണർ എ.പി.ഷൗക്കത്തലി അഭ്യർഥിച്ചു.
Tags : District News Nattuvishesham Traffic restrictions Kozhikode city