വനിതാ സൗജന്യയാത്ര പ്രയോജനപ്പെടുമോ?
കരുവാരകുണ്ട്: മലയോരമേഖലയിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊതുഗതാഗതരംഗത്ത് മലയോരമേഖലയോടുള്ള അവഗണനയ്ക്കെതിരേ വലിയ തോതിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയരുന്നത്.
നിലന്പൂർ, പെരിന്തൽമണ്ണ, മലപ്പുറം ഡിപ്പോകളിൽനിന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മലയോര മേഖലയിലേക്ക് പേരിനു പോലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല.
വർഷങ്ങൾക്ക് മുന്പ് ചുരുങ്ങിയ ദിവസം ഇതുവഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ വൻ ലാഭത്തിലാണ് ഓടിയിരുന്നത്. എന്നാൽ സ്വകാര്യബസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങി കെഎസ്ആർടിസി ബസുകൾ പിൻവലിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സർക്കാർ പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി പോലും മലയോരത്തുള്ളവർക്ക് പ്രയോജനപ്പെടുത്താൻ സൗകര്യമില്ലാത്ത സ്ഥിതിയാണ്.
രാത്രി 8.30 കഴിഞ്ഞാൽ മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലന്പൂർ തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്വകാര്യബസ് സർവീസ് ഇല്ലാത്തത് മലയോരനിവാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്.
കരുവാരകുണ്ട്, കാളികാവ്, തുവൂർ, എടത്തനാട്ടുകര, മേലാറ്റൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് യാത്രാക്ലേശം അനുഭവിക്കുന്നത്. രാത്രി സമയങ്ങളിൽ ഇവിടങ്ങളിലേക്ക് കൂടുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ സർവീസ് നടത്തണമെന്നാണ് ആവശ്യം.
Tags : Local News Nattuvishesham Malappuram