ബോട്ടുകളിൽ ഐസ് നിറയ്ക്കുന്നതിന്റെ ദൃശ്യം.
ചെറായി: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷം ഇന്ന് അർധരാത്രി കഴിഞ്ഞ് മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് കുതിക്കും. ഇതിനായി മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം ബോട്ടുകളും ഒരുങ്ങി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ ഹാർബറുകളിലേക്ക് എത്തിത്തുടങ്ങി. ഐസ്, ഭക്ഷ്യവസ്തുക്കൾ, വലകൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എല്ലാം തന്നെ ബോട്ടുകളിൽ കയറ്റിക്കഴിഞ്ഞു. ഇന്ന് ഇന്ധനം നിറയ്ക്കും. ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ നിറയെ കിളിമീൻ, കൂന്തൽ, കരിക്കാടി ചെമ്മീൻ, കണവ എന്നിവയുമായാണ് തിരിച്ച് വരാറ്. ചെറിയ ബോട്ടുകൾ നാളെ വൈകുന്നേരത്തോടെ തന്നെ തീരമണയും. ഇടത്തരം ബോട്ടുകൾ മൂന്നോ നാലോ ദിവസങ്ങൾക്കുശേഷം തിരിച്ചെത്തും. അതേ സമയം ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകളാകട്ടെ പത്തിൽ കൂടുതൽ ദിവസം കടലിൽ തങ്ങി മത്സ്യങ്ങൾ പിടിച്ചശേഷമേ തിരിച്ചെത്തൂ.
ഇതിനിടെ കടലിൽ നിശ്ചിത ദൂരപരിധിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് പുതുതായി പാസ് ഏർപ്പെടുത്തിയിരിക്കുന്ന കേന്ദ്രസർക്കാർ നീക്കം ആശങ്കാ ജനകമാണെന്ന് മുനമ്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. ഗിരീഷ് എന്നിവർ പറഞ്ഞു.
Tags : Trawling ban NattuVishasham DistrictNews