പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഉള്ള്യേരി സ്വദേശിയായ ഒമ്പതുവയസുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കുന്നത്തറ എഴുകുളത്തില്‍ സനല്‍രാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. കുപ്പിച്ചില്ലുകൊണ്ട് കൈമുറിഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടുകയും ഇവിടെ നിന്ന് വിരല്‍ തുന്നിച്ചേര്‍ത്ത് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം വിരലിന് ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി.
2026 ഫെബ്രുവരി 15നാണ് കുട്ടിയ്ക്ക് കുപ്പിച്ചില്ലുകൊണ്ട് കൈമുറിഞ്ഞത്. അന്ന് വൈകുന്നേരം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.രണ്ട് തുന്നിട്ടിരുന്നു.കൈ ഇളക്കാതെ വയ്ക്കാനും വിശ്രമിക്കാനും നിര്‍ദേശിച്ചു.
ഒരുമാസത്തോളം കഴിഞ്ഞപ്പോഴാണ് വിരലിന് ചലനശേഷിയില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. പ്ലാസ്റ്റിക് സര്‍ജനെ കാണിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ പത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയപ്പോഴാണ് ചലന ശേഷി നഷ്ടപ്പെട്ടത് അറിഞ്ഞത്. ശരിയാക്കാനായി സര്‍ജറി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ഇതിനകം ഹൃദയത്തിന് ഒരു ഓപറേഷന് കഴിഞ്ഞ കുട്ടിയായത് കാരണം സര്‍ജറിയ്ക്ക് ആവശ്യമായ ഫിറ്റ്നസസ് വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അതെതുടർന്ന് പിന്നെയും കാലതാമസമുണ്ടായി. ജൂണ്‍ 11നാണ് സര്‍ജറി നടന്നത്.
മുപ്പത്തിയെട്ട് തുന്നലുള്ള വലിയ സര്‍ജറിക്കാണ് വിധേയനായത്. മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയശേഷം ഫിസിയോ തെറാപ്പിക്ക് വിധേയനാകണം. എന്നാലും ചലനശേഷി പൂര്‍ണമായി തിരികെ ലഭിക്കുമോയെന്ന് ഉറപ്പു പറയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും സനല്‍രാജ് പറയുന്നു.ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ക്കയച്ച പരാതിയില്‍ പറയുന്നു.
ു
Tags : Nattuvishesham LocalNews