ചേന്നമ്പള്ളി ജംഗ്ഷനു സമീപം റോഡിലേക്ക് അപകടഭീഷണിയുയർത്തുന്ന മരത്തിന്റെ ശിഖരങ്ങൾ
അടൂർ: കായംകുളം - അടൂര്‍ പാതയില്‍ ചേന്നംമ്പള്ളി ജംഗ്ഷനു സമീപം റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മാവ് അപകടഭീഷണി ഉയര്‍ത്തുന്നു. വലിയ ഉയരത്തില്‍ പടര്ന്നുനില്ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്. തുലാവര്‍ഷത്തോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. മഴയും കാറ്റും ശക്തമാകുന്നതോടെ മരക്കൊമ്പുകള്‍ ഒടിഞ്ഞ് വാഹനങ്ങള്‍ക്കുമേല്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
രാപകല്‍ വ്യത്യാസമില്ലാതെ വാഹനത്തിരക്കുള്ള പാതയാണിത്. തൂത്തുക്കുടി തുറമുഖത്തുനിന്ന് ചരക്കുകളുമായി നിരവധി കണ്ടെയ്നര്‍ ലോറികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്ക്, അടിക്കാട്ടുകുളങ്ങര, പഴകുളം എന്നിവിടങ്ങളില്‍നിന്ന് കോന്നി മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങളും ഈ പാതയെയാണ് ആശ്രയിക്കുന്നത്. നിരവധി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്കു പുറമേ ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളും ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നു. രാത്രിയിലും വാഹനത്തിരക്കിന് കുറവില്ല. ഇതേ പാതയിലെ യാത്രയ്ക്കിടെ മരം വീണ് ബൈക്ക്, സ്കൂട്ടര്‍ യാത്രക്കാര്‍ മരിച്ച സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. അപകടഭീഷണി ഉയര്‍ത്തുന്ന മരത്തിന്റെ ശിഖരങ്ങള്‍ നീക്കംചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Tags :