വെട്ടിയാർ പുലക്കടവ് പാലം
വെട്ടിയാർ: അച്ചൻകോവിലാറിനു കുറുകേ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെട്ടിയാർ പുലക്കടവ്, ശാർങ്ഗക്കാവ് പാലങ്ങൾ ഇരുട്ടിൽ. സന്ധ്യകഴിയുന്നതോടെ രണ്ടു പാലങ്ങളിലൂടെയും യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
വെൺമണിയെയും വെട്ടിയാറിനെയും ബന്ധിപ്പിക്കുന്ന പുലക്കടവ് പാലം വർഷങ്ങൾക്കു മുമ്പ് നിർമിച്ചതാണ്. എന്നാൽ, പാലത്തിൽ വൈദ്യുതിവിളക്കുകളില്ല. 2018ലെ പ്രളയത്തിൽ നശിച്ച പാലത്തിനു പകരം നിർമിച്ച ശാർങ്ഗക്കാവ് പാലം കഴിഞ്ഞ വർഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 15.57 കോടി ചെലവഴിച്ചാണ് ശാർങ്ഗക്കാവ് പാലം നിർമിച്ചത്.
എന്നാൽ, പാലത്തിലൂടെ ആളുകൾ രാത്രിയിൽ യാത്രചെയ്യുന്നത് തപ്പിത്തടഞ്ഞാണ്. കിഴക്കൻപ്രദേശമായ ചാരുംമൂട്, നൂറനാട്, പന്തളം എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിന് വെൺമണി നിവാസികൾക്ക് പ്രയോജനപ്പെടുന്നതാണ് രണ്ടു പാലങ്ങളും. പാലങ്ങളുടെ നിർമാണത്തിനായി അടങ്കൽ തയ്യാറാക്കിയപ്പോൾ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെട്ടിരുന്നില്ല. ഇനി ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ പുതിയ പദ്ധതി തയ്യാറാക്കി സർക്കാരിന്റെ അനുമതി ലഭിക്കണം. ശാർങ്ഗക്കാവ്, പുലക്കടവ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ ഫണ്ട് അനുവദിക്കണം.
ഇനി ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പൊതു മരാമത്ത് പാലം വിഭാഗം അധികൃതർ പറയുന്നത്. പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇലക്ട്രിക്കൽ വിഭാഗത്തിന് കത്തു നൽകിയിരുന്നു. ഇനി പദ്ധതി ടെൻഡർ ചെയ്യണം. വലിയ തുകയായതിനാൽ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് പഞ്ചായത്തുകൾ അറിയിച്ചിരുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിക്കണമെന്നും അധികൃതർ പറയുന്നു.
Tags : NattuVishesham DistrictNews