മുക്കം: മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജയെ (40) യാണ് താമരശേരി ഡിവൈഎസ്പി പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. മുക്കം മുണ്ടുപാറ പുല്ലമ്പാടിപറമ്പിൽ മുഹമ്മദ് ഹനീഫ (36)യെ 517 ഗ്രാം എംഡിഎംഎയുമായി അഗസ്ത്യമൂഴിയിൽ നിന്നും ഡാൻസാഫ് സംഘം മുന്പ് പിടികൂടിയിരുന്നു. തുടർന്ന് ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ഇവിടെയുണ്ടായിരുന്ന ബേപ്പൂർ സ്വദേശിനി റൈഹാനത്ത് അറസ്റ്റിലാവുകയും ചെയ്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹനീഫ വൻതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ചു വില്പന നടത്തിയതായി കണ്ടെത്തി.
കേരളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് അന്ന് മുക്കത്ത് നടന്നത്. ഹനീഫയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമാണ് ഇന്നലെ അറസ്റ്റിലായ ഖദീജ. ഹനീഫയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നത്.
ഫാഷൻ ഡിസൈനിംഗാണ് ഇവരുടെ ജോലി. മേയ് 23 ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി ഡൽഹിക്ക് തെളിവെടുപ്പിനായി കൊണ്ട് പോകുന്നതിനിടെ വഡോദരയിൽ വെച്ച് ഹനീഫ ട്രെയിനിൽ നിന്നുംചാടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പത്താം ദിവസമാണ് ഇയാൾ കർണാടകയിലെ കൽബുർഗിൽ വച്ച് പോലീസിന്റെ പിടിയിലാകുന്നത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് ഖദീജയായിരുന്നു ഇയാൾക്ക് വേണ്ടി പലതവണയായി ഒന്നര ലക്ഷത്തോളം രൂപ സാമ്പത്തിക സഹായം നൽകിയത്.
Tags : Local News Nattuvishesham Kozhikode