പരിക്കേറ്റ് ആശുപത്രിയില് ചികിത്സതേടിയ അഖില. ഇൻസെറ്റിൽ മരിച്ച അക്ഷിത്
മാവേലിക്കര: അമ്മയ്ക്കൊപ്പം റെയില്വേ ട്രാക്കിനു സമീപം നിന്ന രണ്ടു വയസുകാരന് ട്രെയിന് ഇടിച്ചു മരിച്ചു. അമ്മയ്ക്കു പരിക്കേറ്റു. സംഭവത്തിൽ കൊലപാതക ക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളില് സിജുവിന്റെ ഭാര്യ അഖില (31) ദമ്പതികളുടെ മകനായ രണ്ടുവയസുകാരന് അക്ഷിത് എന്നിവരാണ് അപകടത്തില്പെട്ടത്.
ശനിയാഴ്ച വൈകിട്ട് 6.45 ഓടെ ളാഹ റെയില്വേ ഗേറ്റിന് സമീപം റെയില്പാതയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇരുവരേയും ഇടിച്ചത്. ഇടിയുടെ ആഘാതത്തില് തെറിച്ചു വീണ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും കുട്ടിയുടെ ജവന് രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. അഖില ജീവനൊടുക്കുക എന്ന ഉദ്ദേശത്തോടെ കുട്ടിയെ എടുത്ത് ട്രാക്കിന് നടുവില് നില്ക്കുകയായിരുന്നുവെന്നും ട്രെയിന് അടുത്തുവരുന്നത് കണ്ട് രക്ഷപെടാന് ശ്രമിച്ചപ്പോള് അപകടം സംഭവിക്കുകയായിരുന്നെന്നും ആര്പിഎഫ് പറഞ്ഞു.
മാനസികാസ്വാസ്യം പ്രകടിപ്പിച്ച യുവതി ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജ് മാനസികാരോഗ്യ വിഭാഗത്തില് നിരീക്ഷണത്തിലാണ്. പോസ്റ്റുമോര്ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു. അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് വിഷയത്തില് തുടര് നടപടികള് സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ദമ്പതികളുടെ മൂത്ത മകള് അമയ(മൂന്നു വയസ്) കഴിഞ്ഞ വര്ഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് മരണപ്പെട്ടിരുന്നു.