കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കണ്ണൂർ: ജനങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് എന്നും അവർക്കൊപ്പം നിന്ന ജനനായകനായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസി. സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും കോൺഗ്രസ് പ്രവർത്തകരുടെ അത്താണിയായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും പ്രവർത്തനരീതിയിൽ സമൂലമായ പരിവർത്തനമുണ്ടായത് യൂത്ത് കോൺഗ്രസ് നിരയിലുണ്ടായിരുന്ന ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള അഞ്ച് എംഎൽഎമാർ ജയിച്ചുവന്നപ്പോഴായിരുന്നു. ഞങ്ങൾ ഇണങ്ങിയും പിണങ്ങിയും നീങ്ങിയിട്ടുണ്ട്. എന്നാൽ, പ്രശ്നങ്ങൾ വരുന്പോൾ അദ്ദേഹമെപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് കണ്ണൂരിലെ കോൺഗ്രസ് രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 1957ന് ശേഷം ജീവൻ ബലികഴിച്ച കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ധനസഹായം നൽകാൻ നടപടി സ്വീകരിച്ചു.
ചൈതന്യയാത്രയിലൂടെ ലഭിച്ച നോട്ടുമാലകളാണ് ഇതിനായി ഉപയോഗിച്ചത്. വികസനകാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഉൾപ്പെടെയുള്ള പദ്ധതികളിൽ അദ്ദേഹത്തിന്റെ ഭരണമികവ് പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.സുധാകരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
ടി.ഒ. മോഹനൻ എംഎൽഎ, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, സജീവ് മാറോളി, ടി. ജയകൃഷ്ണൻ, റിജിൽ മാക്കുറ്റി, എം.പി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, അമൃത രാമകൃഷ്ണൻ, ഡോ. ഷമ മുഹമ്മദ്, വി.പി. അബ്ദുൾ റഷീദ് , വി.വി. പുരുഷോത്തമൻ, വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി.
Tags : Local News Nattuvishesham Umman Chandy