കെ.സി. വേണു ഗോപാലുമായി തമാശ പങ്കിടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എ.
പുതുപ്പള്ളി: കുരുന്നുകളുടെയും കുട്ടികളുടെയും സംഗമവേദിയായി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി സ്മൃതി ദിനം. ഇന്നലെ രാവിലെ മുതല്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൂക്കളര്പ്പിക്കുന്നതിനും പ്രാര്‍ഥനയില്‍ മുഴുകുന്നതിനും എത്തിക്കൊണ്ടേയിരുന്നു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സ്മൃതി സംഗമത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തപ്പോഴും കുട്ടികളുടെ നീണ്ടനിരയായിരുന്നു. യുവതലമുറയെ ലഹരിയുടെ പിടിയില്‍നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്ബോളുകള്‍ എന്നിവ വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടത്തി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകളും കൈമാറി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പ്രഭാതനമസ്കാരത്തിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കും കല്ലറയിലെ ധൂപപ്രാര്‍ഥനയ്ക്കും യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കബറിങ്കല്‍ പൂക്കളര്പ്പിക്കുന്നതിനും സ്മൃതി സമ്മേളനത്തിലും മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, എംഎല്‍എമാരായ സിറിയക് തോമസ്, പ്രഫ. റോണി കെ. ബേബി, സി.വി. ശാന്തകുമാര്‍, കെ.എം. അഭിജിത്, പഴകുളം മധു, കെപിസിസി വൈസ്പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി, സിഎസ്ഐ ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ്, സാബു പുതുപ്പറമ്പില്‍, ജെ.ജി. പാലയ്ക്കലോടി, ലതാകുമാരി സലിമോന്‍, കെ.ബി. ഗിരീശന്, കെ.കെ. രാജു, ഡെല്വിന്, രാധാ വി. നായര്‍, സാം കെ. വര്‍ക്കി തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്ക്: 50 കോടി നിക്ഷേപിക്കും
ബജറ്റില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ അനുവദിച്ച ഐടി പാര്‍ക്കില്‍ സൗദി അറേബ്യ കേന്ദ്രമാക്കിയുള്ള നോഹ അല്വോസ്റ്റ ഗ്രൂപ്പ് സ്ഥാപകന്‍ സാജന് ലത്തീഫ് 50 കോടി നിക്ഷേപിക്കും. ആദ്യഘട്ടമെന്ന നിലയിലാണ് 50 കോടിയുടെ നിക്ഷേപം. പുതുപ്പള്ളിയിലെ തന്റെ നിക്ഷേപം കടമയാണെന്നും സമ്മേളനത്തില്‍ സാജന് ലത്തീഫ് പ്രഖ്യാപിച്ചു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്കെന്ന് നാമകരണം ചെയ്യണമെന്നും തുടക്കത്തില്‍ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി പയ്യപ്പാടി ഐഎച്ച്ആര്‍ഡി സ്കൂളിനോട് ചേര്‍ന്നാണ് ഐടി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി
സ്പോര്‍ട്സ് ഹബ്
ഉമ്മന്‍ ചാണ്ടി സ്പോട്സ് ആന്‍ഡ് ഇന്നവേഷന്‍ ഹബ്ബിന്റെ ധാരണപത്രം ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും ഖത്തര്‍ ആസ്ഥാനമായുള്ള സാഖ് ഗ്രൂപ്പും തമ്മില്‍ ഒപ്പിട്ടു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനുവേണ്ടി ചെയര്മാന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സാഖ് ഗ്രൂപ്പിനുവേണ്ടി ഡയറക്ടര്‍ സെല്‍വിന്‍ ഡാനിയുമാണ് രേഖകളില്‍ ഒപ്പിട്ടത്.
ധാരണാപത്രത്തിന്റെ കൈമാറ്റം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു നല്കി സാഖ് ഗ്രൂപ്പ് ഡയറക്ടര്‍ സെല്‍വിന്‍ ഡാനി നിര്‍വഹിച്ചു. പുതുപ്പള്ളി മണ്ഡലത്തില്‍ സ്പോട്സ് സിറ്റി നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അനുസ്മരണം വിവാദ വേദിയാക്കരുത്: ചാണ്ടി ഉമ്മന്‍
തന്റെ പിതാവിന്റെ അനുസ്മരണം വിവാദത്തിന്റെ വേദിയാക്കരുതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി സ്മൃതിദിനത്തിന്റെ ഭാഗമായി സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ നാളുകളായി എന്റെ പിതാവിന്റെ ഏത് ചടങ്ങ് നടത്തിയാലും വിവാദമാണ്. ഒന്നാം അനുസ്മരണം മുതല്‍ മൂന്നാം അനുസ്മരണം വരെ വിവാദങ്ങളുടെ ഘോഷയാത്രയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം ഒഴികെ ബാക്കിയില്ലായിടത്തും വിവാദം നടത്തിക്കോളൂ. വിവാദത്തിന്റെ വേദിയായി പുതുപ്പള്ളിയില്‍ അന്തിയുറങ്ങുന്ന എന്റെ പിതാവിനെ മാറ്റരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. അനുസ്മരണ ചടങ്ങില്‍നിന്നു വിട്ടുനിന്ന സതീശന് ഉച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ല: യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ലെന്നും എല്ലാവരും നല്‍കേണ്ടതാണെന്നും ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. അധികം പ്രതീകരിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും അനുസ്മരണപ്രസംഗത്തില്‍ പറഞ്ഞു.
പ്രവർത്തകരെ വിഷമിപ്പിക്കരുത്: കെ.സി. വേണുഗോപാല്‍
കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെഎസ്യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആരും ചെയ്യരുത്. ആദ്യം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. സര്‍ക്കാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Local News Nattuvishesham Umman Chandy's memorial day