പ്രതീകാത്മക ചിത്രം
അന്തിക്കാട്: 17 വർഷമായി കർക്കടകമാസത്തിൽ നാട്ടുകാർക്കും ബന്ധുമിത്രാദികൾക്കും സൗജന്യമായി അരിയും കപ്പയും പായസവും വിതരണംചെയ്യുന്ന അന്തിക്കാട് സ്വദേശി ഉമ്മറിന്റെ കരുതൽ ഇത്തവണയും മുടങ്ങിയില്ല.
അന്തിക്കാട് കല്ലിടവഴി കുരിക്കപീടിക ഉമ്മറാണ് എല്ലാ കർക്കടകമാസത്തിലും അഞ്ചുകിലോ കുറുവ അരിയും നാലുകിലോ കപ്പയും പിന്നെ പായസവും സൗജന്യമായി വിതരണംചെയ്യാറുള്ളത്. അന്തിക്കാട് ആൽ സെന്ററിൽ പച്ചക്കറി കച്ചവടം നടത്തുകയാണ് ഉമ്മർ. കച്ചവടത്തിൽനിന്ന് ലഭിക്കുന്ന ലാഭത്തിൽനിന്ന് 1,80,000 രൂപ ചെലവഴിച്ചാണ് ഓരോവർഷവും ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും ഉമ്മർ നിറഞ്ഞ മനസോടെ അരിയും മറ്റും വിതരണംചെയ്യുന്നത്. ജോലിയും കൂലിയും പൊതുവെ കുറവായ കർക്കടകമാസത്തിൽ, തന്നെ ക്കൊണ്ടാകുന്ന ഒരുസഹായം ചെയ്യുകയെന്നതാണ് ഉമ്മറിന്റെ ലക്ഷ്യം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അരിവിതരണം ആരംഭിക്കുന്നതിനുമുമ്പേ വീടിന്റെ മുറ്റം നിറഞ്ഞ് റോഡരികിലേക്ക് വാങ്ങാനെത്തിയ ആളുകളുടെ വരി നീണ്ടു. ഭാര്യ റംലയും മക്കളായ ജംഷീർ, ജാഷീർ, ഷാരി എന്നിവരുമൊത്തായിരുന്നു വിതരണം.
Tags : Nattuvishesham DistrictNews DeepikaNews