കൊരട്ടി: അധികൃതരുടെ അലംഭാവത്തിനും കെടുകാര്യസ്ഥതക്കുമെതിരേ കെഎസ്ഇബി കാര്യാലയത്തിനു മുന്നിൽ കൊരട്ടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നാളെ രാവിലെ പത്തിന്.
ഇതുസംബന്ധിച്ച് കെഎസ്ഇബി അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, പി.വി. ഫ്രാൻസിസ് എന്നിവർ കുറ്റപ്പെടുത്തി. ദേശീയപാതയിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളുടെ പേരിൽ കൊരട്ടി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തുടരുന്ന നിരന്തര വൈദ്യുതി മുടക്കം വ്യാപാരമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയതായി അസോസിയേഷൻ ആരോപിച്ചു. ദിവസേന മണിക്കൂറുകളോളം നീളുന്ന വൈദ്യുതി വിച്ഛേദനംമൂലം വ്യാപാര സ്ഥാപനങ്ങൾ വലിയ സാമ്പത്തിക നഷ്ടം നേരിടുകയാണ്.
പലപ്പോഴും മുൻകൂട്ടി അറിയിപ്പ് നൽകാതെയാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നും ഇത് ജനങ്ങളോടും വ്യാപാരികളോടും കാണിക്കുന്ന കടുത്ത അവഗണനയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത നിർമാണം ആരംഭിച്ചതു മുതൽ കൊരട്ടി ടൗണിലെ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്. ഗതാഗതനിയന്ത്രണങ്ങളും വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള പ്രവേശന സൗകര്യങ്ങളുടെ കുറവും മൂലം ഇതിനകംതന്നെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചു.