അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ.
കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ കുണ്ടറ മുക്കടയിലെ കൊല്ലത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം ബസുകളുടെ അനധികൃത പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നു.
കുരിശടിക്ക് എതിർവശത്തായി ബസുകൾ റോഡിന്റെ പകുതി കയ്യേറിയാണ് മിക്കവാറും പാർക്ക് ചെയ്യുന്നത്. കൊട്ടിയത്ത്നിന്നു കുണ്ടറ വരെ മാത്രമുള്ള ബസുകളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. തിരികെ ട്രിപ്പ് പോകാനുള്ള ഗ്യാപ്പിലാണ് ഈ പാർക്കിംഗ്.
ബസുകൾ പാർക്ക് ചെയ്യാനായി ഇളമ്പള്ളൂർ കമ്മ്യൂണിറ്റി ഹാളിന് താഴെ കാലിയായി കിടക്കുന്ന ബസ്് സ്റ്റാൻഡ് ഉണ്ടെങ്കിലും അവിടെ വരെ പോകാൻ ഡ്രൈവർമാർ തയാറാവുന്നില്ല. അനധികൃത പാർക്കിംഗ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡരികിലും കടകളുടെ മുൻപിലും ബസുകൾ അലക്ഷ്യമായി നിർത്തിയിടുന്നത് വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ പ്രവേശനത്തെ തടസപ്പെടുത്തുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
തന്നെയുമല്ല തിരക്കേറിയ ജംഗ്ഷനിൽ പല അപകടങ്ങൾക്കും ഈ പാർക്കിംഗ് കാരണമായിട്ടുണ്ട്. അപകടം നടന്നാൽ ഉടൻ അവിടെനിന്നും ബസ് ഓടിച്ചു കൊണ്ട് പോകാറാണ് പതിവ്.
ഈ വിഷയം ചൂണ്ടിക്കാട്ടിയ വ്യാപാരികളോടും നാട്ടുകാരോടും ചില ബസ് ജീവനക്കാർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപാരി വ്യവസായികൾ പരാതിപ്പെടുന്നു. പൊലിസും മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ പല തവണ ഇടപെടുകയും ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുള്ളതുമാണ്. എന്നിട്ടും വകവെയ്ക്കാതെ ഇപ്പോഴും അവിടെത്തന്നെ ആണ് പാർക്ക് ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പും പൊലിസും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.