ഷാഫി പറമ്പില്‍ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടപ്പോൾ.
വടകര: ദേശീയപാത 66-ലെ അഴിയൂര്‍-വെങ്ങളം റീച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ രൂക്ഷമായ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പില്‍ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിര്‍മാണക്കമ്പനിക്ക് താക്കീത് നല്‍കാനും വീഴ്ച തുടര്‍ന്നാല്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കാനും കേന്ദ്രമന്ത്രി എന്‍എച്ച്എഐ അംഗങ്ങള്‍ക്കും ചെയര്‍മാനും നിര്‍ദ്ദേശം നല്കി.
വടകരയിലെ രൂക്ഷമായ യാത്രാ ദുരിതം, സര്‍വീസ് റോഡുകളുടെ തകര്‍ച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചില്‍, റോഡിലെ കുഴികള്‍ എന്നിവ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എംപി കേന്ദ്രമന്ത്രിക്ക് മുന്നില്‍ നേരിട്ട് കാണിച്ചു.
തുടര്‍ന്ന് വിഷയം ഏറെ ഗൗരവത്തോടെ കണ്ട കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, എന്എച്ച്എഐന്റെ, കേരളത്തിന്റെ ചുമതലയുള്ള അംഗത്തെ ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തുകയും ചെയര്‍മാനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ജനങ്ങളെ പ്രയാസപ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു.
അഴിയൂര്‍-വെങ്ങളം റീച്ചില്‍ തല്‍സ്ഥിതി വിലയിരുത്താന്‍ എന്‍എച്ച്എഐ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ പരിശോധന നടന്നതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഈ പരിശോധനയുടെയും നിലവിലെ പ്രവൃത്തികളുടെയും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Nattuvishesham Local News Union Minister national highway