കൊല്ലം: മഴക്കാലത്തുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങളും പൂര്‍ണമായും ഇല്ലാതാക്കുക എന്നലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ച സുരക്ഷാ-പരിശോധനാ കാമ്പയിനായ "ഓപ്പറേഷന് മണ്‍സൂണ്‍' പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.
മഴക്കാലത്ത് കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും ഈര്‍പ്പം കാരണം ഭക്ഷണസാധനങ്ങള്‍ വേഗത്തില്‍ കേടുവരാനും സാധ്യത കൂടുതലായതിനാലാണ് ഈ കാലയളവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കുന്നത്. അതേസമയം, കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താഴേത്തട്ടിലെ കച്ചവടങ്ങളില്‍ കര്‍ശനമായ നിരീക്ഷണം തുടരുകയും ചെയ്താല്‍ മാത്രമേ ജില്ലയിലെ ഭക്ഷ്യസുരക്ഷ പൂര്‍ണമായും കാര്യക്ഷമമാക്കാന്‍ സാധിക്കൂവെന്ന വിമര്‍ശനവുമുയരുന്നു.
കുടിവെള്ളത്തിന്റെ ഗുണനിലവാരം
ഓപ്പറേഷന് മണ്‍സൂണിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് കുടിവെള്ളത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുക എന്നതാണ്. കുടിവെള്ളവും ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളവും ശുദ്ധമായാല്ത്തന്നെ 70 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പുതന്നെ പറയുന്നത്.
മഴക്കാലത്ത് മലിനജലം കലരാന്‍ സാധ്യതയുള്ളതിനാല്‍ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ജ്യൂസ് ബാറുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവയുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിച്ച് പരിശോധിക്കുന്നു. കിണറുകളും വാട്ടര്‍ ടാങ്കുകളും കൃത്യമായി ക്ലോറിനേഷന് നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ശന നിരീക്ഷണം
കൊല്ലം നഗരത്തിലും ബീച്ച് പരിസരങ്ങളിലുമുള്ള രാത്രികാല തട്ടുകടകള്‍, റോഡരികിലെ കച്ചവടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. തുറന്നുവെച്ച രീതിയില്‍ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നതും ഈച്ചയും പൊടിയും അടിക്കുന്ന സാഹചര്യങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും ഈ പദ്ധതിയിലൂടെ തടയുന്നു.
ഹെല്‍ത്ത് കാര്‍ഡും ജീവനക്കാരുടെ ശുചിത്വവും
ഹോട്ടലുകളിലെയും ബേക്കറികളിലെയും തട്ടുകടകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് പനി, വയറിളക്കം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുകയും നിലവിലുള്ളവ പരിശോധിക്കുകയും ചെയ്യും. കൂടാതെ പാചകം ചെയ്യുന്ന സ്ഥലവും പരിസരവും പൂര്‍ണമായും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്ന് സ്ക്വാഡുകള്‍ നേരിട്ടെത്തി വിലയിരുത്തുന്നു.
സര്‍ക്കാര്‍ സ്കൂളുകളിലെയും അങ്കണവാടികളിലെയും പാചകക്കാര്‍ക്കും സഹായികള്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നു.
പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കല്‍
മഴക്കാലത്ത് മീന്‍, ചിക്കന്‍ എന്നിവ കേടുവരാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തെ പ്രധാന ഹാര്‍ബറുകളിലും ( ശക്തികുളങ്ങര, നീണ്ടകര) മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. ഹോട്ടലുകളില്‍ ദിവസങ്ങള്‍ പഴക്കമുള്ള ആഹാരം ഫ്രീസറില്‍ സൂക്ഷിക്കുന്നത് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും.
പരിശോധനകള്‍ തകൃതി, പ്രതിസന്ധികളും
പരിശോധനകള്‍ കൃത്യമായി നടത്തുന്നുണ്ടെന്നും നടപടികളെടുക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അവകാശപ്പെടുമ്പോഴും ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഭക്ഷ്യ വിഷബാധമൂലം രണ്ടു നിലമേല്‍ സ്വദേശികള്‍ മരിച്ചത് ഫെബ്രുവരിയിലാണ്. നിലമേല്‍ സ്വദേശികളായ റഷീദാ ബീവി, ഷാജി എന്നിവര്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.
ഇവരുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാവുകയും ചെയ്തു. ഭക്ഷ്യവിഷബാധയുണ്ടായത് വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചപ്പോഴാണ്. ഹോട്ടല്‍ പിന്നീട് പൂട്ടി. ഏഴാംമൈലിലുള്ള ഒരു സ്വകാര്യ സ്കൂളില്‍ മുപ്പതിലധികം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ജൂണ്‍ മാസത്തിലാണ്.
സ്കൂളിലെ വാട്ടര്‍ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് പുറത്തുനിന്ന് ടാങ്കറില്‍ എത്തിച്ച കുടിവെള്ളം ഉപയോഗിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായത്. ഒരു ക്വാറിയില്‍ (പാറമട) നിന്നുള്ള മലിനമായ വെള്ളമാണ് കരാറുകാരന് എത്തിച്ചതെന്ന് ആരോപണമുയർന്നെങ്കിലും നടപടി ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.
ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തനം
തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും, ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ ഇപ്പോഴും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്.
ലൈസന്‍സ് ഇല്ലാത്തതും വൃത്തിഹീനവുമായ നിരവധി സ്ഥാപനങ്ങള്‍ പരിശോധനകളില്‍ പൂട്ടിക്കാറുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിക്കുന്നുണ്ടെങ്കിലും അതൊക്കെ പേരിനുമാത്രമാണെന്നാണ് ജനങ്ങളുടെ അനുഭവം. നിയമലംഘനം നടത്തുന്ന വമ്പന്മാരെ തൊടാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഇപ്പോഴും തയാറാകുന്നില്ലെന്ന് വലിയ പരാതി ഉയരുന്നുണ്ട്.
പരിശോധനകള്‍ പേരിനുമാത്രം
ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ്. ഇത് എല്ലാ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതിന് തടസമാകുന്നു. പലപ്പോഴും പരിശോധന പ്രഹസനമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല. പരിശോധനകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രമാണ് പല പരിശോധനകളുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ അടക്കം പറയുന്നു.
നടപടികള്‍ ദുര്‍ബലം
വലിയൊരു ഭക്ഷ്യവിഷബാധയോ പരാതിയോ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാവുകയും പിന്നീട് അത് തണുക്കുകയും ചെയ്യുന്ന ഒരു രീതി പൊതുവേ ദൃശ്യമാണ്. തുടർപരിശോധന പലപ്പോഴും ഉണ്ടാകാറില്ല. കൊല്ലം നഗരത്തിലും ബീച്ച് പരിസരങ്ങളിലും രാത്രികാല തട്ടുകടകളുടെ എണ്ണം വളരെ കൂടുതലാണ്. ഇവരില്‍ പലര്‍ക്കും കൃത്യമായ രജിസ്ട്രേഷനോ, വൃത്തിയുള്ള വെള്ളം ഉപയോഗിക്കാനുള്ള സാഹചര്യമോ ഇല്ല. ഇവരെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
ശേഖരിക്കുന്ന ഭക്ഷണ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചാണ് പരിശോധിക്കുന്നത്. ഇതിന്റെ ഫലം വരാന്‍ ദിവസങ്ങളെടുക്കുന്നത് കുറ്റക്കാര്‍ക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുന്നതിന് താമസം വരുത്തുന്നു.
Tags : Local News Nattuvishesham Kollam