വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ മാർക്കറ്റ് സന്ദർശനം.
വാഴക്കുളം: പൈനാപ്പിൾ മാർക്കറ്റിന്റെ നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടിയുടെ വിനിയോഗം സംബന്ധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാർക്കറ്റ് സന്ദർശിച്ച് ചർച്ച നടത്തി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ നേതൃത്വം നൽകി. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺ കളമ്പാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജെയിംസ്, പഞ്ചായത്തംഗങ്ങളായ മേരി ജോൺ, ജിന്റോ ടോമി, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു മോനിപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി ഷൈജി മലേക്കുടിയിൽ,
ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആന്റണി വെട്ടിയാങ്കൽ, സെക്രട്ടറി എം.എ. ലിയോ തുടങ്ങിയവർ പങ്കെടുത്തു.
നടപ്പാക്കേണ്ട വികസന പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചാണ് ജനപ്രതിനിധികളും വ്യാപാരി, കർഷക, സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയത്. മാർക്കറ്റ് റൂഫിംഗ്, ആധുനിക ശുചിമുറികൾ, ടൈൽ വിരിച്ച തറ, മികച്ച ഡ്രെയിനേജ് സംവിധാനം, സുരക്ഷിതമായ ലോഡിംഗ്-അൺലോഡിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര നവീകരണ പദ്ധതി തയാറാക്കുന്നതിനായി പിഡബ്ല്യുഡി എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തും.
സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരുകോടിയ്ക്ക് പുറമേ എംഎൽഎ ഫണ്ട്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത് ഫണ്ടുകളും ഉപയോഗിച്ച് ആകെ രണ്ട് മുതൽ മൂന്ന് കോടി രൂപ വരെ ചെലവിൽ മികച്ച പൈനാപ്പിൾ മാർക്കറ്റായി വാഴക്കുളം വിപണിയെ രൂപപ്പെടുത്താനാണ് പദ്ധതി.
Tags : Local News Nattuvishesham Ernakulam