മലയോര ഹൈവേ വള്ളിത്തോട്-മണത്തണ റീച്ചിലെ എടൂർ സെമിത്തേരിക്കുന്നു ഭാഗത്ത് വെമ്പുഴയോരത്തെ സംരക്ഷണ ഭിത്തി മലവെള്ളപ്പാച്ചിലിൽ തകർന്ന നിലയിൽ.
ഇരിട്ടി: 83.17 കോടി രൂപ ചെലവിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിൽ എടൂർ സെമിത്തേരിക്കുന്നു ഭാഗത്ത് വെമ്പുഴയോരത്ത് നിർമിച്ച സംരക്ഷണ ഭിത്തി വീണ്ടും തകർന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് ഭിത്തിയുടെ അടിത്തറ വീണ്ടും ഇടിഞ്ഞത്. നേരത്തെ തകർന്ന ഭാഗത്തിന് സമീപത്താണ് പുതിയ ഇടിച്ചിൽ ഉണ്ടായത്. ഇതോടെ റോഡിന്റെ സുരക്ഷയിൽ ആശങ്ക ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്തും ഇതേ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം അടിത്തറയുൾപ്പെടെ തകർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശേഷിക്കുന്ന ഭാഗവും പൊളിച്ച് അടിത്തറ ശക്തിപ്പെടുത്തി ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് സാങ്കേതിക ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ നിർദേശം പാലിക്കാതെ ഇടിഞ്ഞ ഭാഗം അതേപടി നിലനിർത്തി മുകളിലെ നിർമാണം പൂർത്തിയാക്കുകയും പിന്നീട് കരിങ്കല്ലുകൾ കുത്തിക്കയറ്റി കോൺക്രീറ്റ് ചെയ്ത് മറയ്ക്കുകയുമാണ് ചെയ്തതെന്ന് ആരോപണമുണ്ട്.
ഇത്തരമൊരു നടപടി ശാസ്ത്രീയമല്ലെന്നും കോൺക്രീറ്റ് ബെൽറ്റിൽ വിള്ളലുണ്ടായി ഭിത്തി വീണ്ടും തകരാൻ സാധ്യതയുണ്ടെന്നും അന്നുതന്നെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ ഇടിച്ചിൽ ആശങ്കകൾ ശരിവയ്ക്കുന്നതാണെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
2026 മാർച്ച് 25ന് ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെആർഎഫ്ബി ഉദ്യോഗസ്ഥരും കരാർ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്ത യോഗം ചേർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ നിർമാണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതായും വിശദപരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ യോഗ ത്തിൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതി.
തകർന്ന ഭാഗം പൊളിച്ച് പുനർനിർമിക്കുന്നതിന് പകരം കരിങ്കല്ലുകൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് മറച്ചുവച്ചതിന്റെ ഫലമായാണ് വീണ്ടും ഇടിച്ചിൽ ഉണ്ടായതെന്ന് എടൂർ വികസന സമിതി പ്രസിഡന്റ് വി.കെ. ജോസഫ് ആരോപിച്ചു. നിർമാണം അശാസ്ത്രീയമാണെന്നും പുനർനിർമാണം നടത്തിയാൽ അപാകതകൾ പുറത്തുവരുമെന്ന ആശങ്കയിലാണ് അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കാൻ ശ്രമിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംരക്ഷണ ഭിത്തിയുടെ കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ഭിത്തിയുടെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞാൽ കരിക്കോട്ടക്കരി-എടൂർ റൂട്ടിലെ മലയോര ഹൈവേയിൽ ഗതാഗതം പൂർണമായും തടസപ്പെടുകയും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും
“മലയോര ഹൈവേയുടെ ആറളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശങ്ങൾ നൽകിയിരു ന്നുവെങ്കിലും പല സ്ഥലങ്ങളിലും ഗുരുതര നിർമാണ അപാകതകൾ തുടരുകയാണെന്ന് അവർ ആരോപിച്ചു. കരാറുകാരന്റെ പിടിവാശിയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുന്ന സമീപനവുമാണ് പല പ്രശ്നങ്ങൾക്കും കാരണം. നിർമാണത്തിലെ ക്രമക്കേടുകളും അപാകതകളും സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അവർ അറിയിച്ചു.”
വി. ശോഭ, പഞ്ചായത്ത് പ്രസിഡന്റ്, ആറളം