കുന്നിൽ - വലിയ വീട്ടിൽ മാടൻ നട - ഏറത്തുവീട് നാഗരുകാവ് അപ്രോച്ച് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ.
വെഞ്ഞാറമൂട്: മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും വ്യാപാരികളുടെ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരമാകുന്നു. നിർമാണത്തിനായി നിലവിൽ അടച്ചിട്ടിരിക്കുന്ന പ്രധാന റോഡുകൾ 20 ദിവസത്തിനകം തുറന്നുകൊടുക്കാനും ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി അവലോകന യോഗത്തിൽ തീരുമാനമായി.
സുധീർഷാ പാലോട് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച് ആറ്റിങ്ങൽ - നെടുമങ്ങാട് റോഡ്, തിരുവനന്തപുരം - കിളിമാനൂർ റോഡുകൾ 20 ദിവസത്തിനുള്ളിൽ തുറന്നുനൽകും. ഇതിനായി സർവീസ് റോഡിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ റോഡിന്റെ മധ്യഭാഗത്തേക്ക് മാറ്റാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾ പ്രധാന റോഡിലൂടെ പ്രവേശിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തടയാൻ ക്രോസ് ബാറുകൾ സ്ഥാപിക്കും.
മേൽപ്പാല നിർമാണ കാലയളവിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. കുന്നിൽ ഹൈപ്പർമാർക്കറ്റ് - വലിയ വീട്ടിൽ മാടൻനട - ഏറത്തുവീട് നാഗരുകാവ് റോഡ്, മുക്കുന്നൂർ - ത്രിവേണി റോഡ്, കണ്ണൻകോട് - കൊക്കോട്ടുകോണം - വയ്യേറ്റ് - മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി ഗതാഗതയോഗ്യമാക്കും. ഈ പ്രദേശങ്ങളിൽ കർശനമായ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പാക്കും.
നിർമാണത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ കെഎസ്ഇബി അടിയന്തരമായി മാറ്റിസ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി പരമാവധി ദിശാബോർഡുകൾ സ്ഥാപിക്കും. റോഡരികിൽ ഉപേക്ഷിച്ച മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ കെഎസ്ടിപി ക്കും നിർദേശം നൽകി. മലാംകോട് ക്ഷേത്രം - കിഴക്കേ റോഡിൽ സ്പീഡ് ബ്രേക്കറുകളും വാണിംഗ് സിഗ്നലുകളും സ്ഥാപിക്കും. നാഗരുകുഴി - പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡിൽ ഓട നിർമാണം നടക്കുന്നതിനാൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കും.
എട്ട് തൂണുകളിലായി 25.95 കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് മേൽപ്പാലം നിർമിക്കുന്നത്. 2027 ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ. നിലവിൽ 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഫുട്ട്പാത്തും നിർമിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും പലയിടങ്ങളിലും 3.5 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുൻ സർക്കാർ ഭൂമി ഏറ്റെടുക്കലുമായി (ലാൻഡ് അക്വിസിഷൻ) ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങൾ എടുക്കാതിരുന്നതാണ് ഇതിന് കാരണം. മേൽപ്പാല നിർമാണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സർവ്വകക്ഷി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്.