പരേഡ് പൂർത്തിയായശേഷം വിഷ്ണു പിതാവിന്റെ അരികിലെത്തി തൊപ്പിയണിയിക്കുന്നു.
മലപ്പുറം: ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ (കമാൻഡോ) പാസിംഗ് ഒൗട്ടിന് ശേഷം പാണ്ടിക്കാട് പരേഡ് ഗ്രൗണ്ട് വികാരപരമായ പല രംഗങ്ങൾക്ക് സാക്ഷിയായി. അതിലൊന്ന് ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലൻ മകൻ വിഷ്ണുവിന്റെ പാസിംഗ് ഒൗട്ട് പരേഡ് കാണാൻ വീൽച്ചെയറിലെത്തിയതാണ്.
15 വർഷം മുന്പ് ജോലിക്കിടെ ടെറസിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്നുകിടക്കുന്ന അച്ഛന്, മകൻ പരിശീലനം പൂർത്തിയാക്കി സേവനത്തിനിറങ്ങുന്ന മുഹൂർത്തം കാണാതിരിക്കാനാകില്ലല്ലോ. പരിമിതികളും പ്രയാസങ്ങളും മറികടന്ന് കുടുംബസമേതമാണ് പരേഡ് വീക്ഷിക്കാൻ വേണുഗോപാലൻ എത്തിയത്. ബിരുദ പഠനം പൂർത്തിയാക്കിയ സർക്കാർ ജോലി വേണമെന്ന ആഗ്രഹത്തോടെയാണ് പിഎസ്സി പരീക്ഷയെഴുതി കേരളാ പോലീസിൽ ചേരുന്നത്.
ഒടുവിൽ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ചതിൽ വിഷ്ണു ഏറെ സന്തോഷവാനാണ്. പരേഡ് പൂർത്തിയായ ശേഷം വിഷ്ണു അച്ഛന്റെ അരികിലേക്ക് ഓടിയെത്തി തന്റെ തൊപ്പി സ്നേഹപൂർവം അച്ഛന്റെ തലയിൽ അണിയിച്ച് ചേർത്തു പിടിച്ച് ഉമ്മ നൽകി. അമ്മ പ്രീതക്കും ഡിഗ്രി വിദ്യാർഥിയായ സഹോദരി ദേവികക്കും കണ്ടുനിന്നവർക്കും ഈ കാഴ്ച ഏറെ സന്തോഷം നൽകുന്നതായിരുന്നു.
Tags : Nattuvishesham Local News Venugopalan passing out parade wheelchair