ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെ (44) ആണ് ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത കേസിലാണ് നടപടി.
യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബേക്കറി ജോലി, പായ്ക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽനിന്നും പണം വാങ്ങിയത്.
പണം വാങ്ങുമ്പോൾ നോട്ടറി നൽകിയ രസീതുകളും ഇയാൾ നൽകും. 13 ലക്ഷം രൂപയുടെ ചെക്കും ഉദ്യോഗാർഥികൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിലെ പത്തോളം പേരിൽ നിന്ന് മാത്രം 87 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മണിയാറൻകുടിയിലെത്തിയ ഇയാൾ രണ്ടു യുവാക്കളെ കണ്ടുമുട്ടി അവർക്കു സൗജന്യമായി വിസ വാഗ്ദാനം ചെയ്തു. ഇവരിലൂടെ മറ്റ് ആളുകളിൽനിന്ന് പണം വാങ്ങുകയായിരുന്നു.
വിസ ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടവർ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഇതിനിടെ വ്യാഴാഴ്ച ഇയാൾ ചെറുതോണിയിലെ ഒരു വക്കീലോഫീസിൽ, പത്ത് പേരിൽനിന്ന് പണം വാങ്ങാൻ എത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് പല സ്ഥലങ്ങളിലായി കാത്തുനിന്നിരുന്ന ആളുകൾ രാവിലെ പതിനൊന്നോടെ ഓഫീസിലെത്തിയ പ്രതിയെ വളഞ്ഞ് തടഞ്ഞുവച്ചു. പണം തിരികെ നൽകാൻ ഒരു മാസം സമയം ചോദിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ ഡൽഹിയിലുള്ള ഇയാളുടെ ഭാര്യ ജില്ലാ പോലീസ് മേധാവിയെ വിളിച്ച് ഭർത്താവിനെ തടഞ്ഞുവച്ചതായി അറിയിച്ചു. തുടർന്ന് പോലീസെത്തി റോയി ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂലമറ്റം,കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, തൊടുപുഴ, തൃശൂർ മേഖലകൾ ഉൾപ്പെടെ ഇയാൾ വിസ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Prati arrested nattuvishesham local news